തടാകത്തില്‍ എച്ച്‌ഐവി ബാധിച്ച സ്ത്രീയുടെ മൃതദേഹം; വെള്ളം പമ്പ് ചെയ്ത് വറ്റിക്കാന്‍ തുനിഞ്ഞിറങ്ങി അധികൃതര്‍

Chithra December 6, 2018

തടാകത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയാല്‍ എന്താണ് ചെയ്യുക? വെള്ളത്തില്‍ നിന്നും മാറ്റി പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി അയയ്ക്കും, കാര്യം കഴിഞ്ഞു. പക്ഷെ മരിച്ച വ്യക്തി ഒരു എച്ച്‌ഐവി രോഗബാധയുള്ള വ്യക്തിയാണെങ്കില്‍ കാര്യം കഴിഞ്ഞു. നാട്ടുകാര്‍ക്ക് ഭയമായി ആശങ്കകളായി. എച്ച്‌ഐവി ബാധിച്ച സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തതോടെ നാട്ടുകാര്‍ക്കിടയില്‍ പടര്‍ന്നുപിടിച്ച ആശങ്കകള്‍ അകറ്റാനാണ് വിശാലമായ തടാകത്തില്‍ പമ്പ് വെച്ച് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. ഈ സ്ത്രീ മരിച്ച് കിടന്നതിനാല്‍ വെള്ളത്തിലൂടെ രോഗം പകരുമെന്നാണ് ഗ്രാമീണര്‍ ഭയക്കുന്നത്.

കര്‍ണ്ണാടകത്തിലെ മൊറാബ് ഗ്രാമത്തിലാണ് അതിശയിപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറുന്നത്. 32 ഏക്കര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന തടാകം ആയിരക്കണക്കിന് ആളുകള്‍ക്ക് കുടിവെള്ളത്തിനുള്ള ശ്രോതസ്സാണ്. വരള്‍ച്ച മൂലം ബുദ്ധിമുട്ടുകയും, കൃഷി ജീവിതമാര്‍ഗ്ഗവുമാക്കിയ ആളുകളാണ് ഇവിടെ കഴിഞ്ഞുവരുന്നത്. ഗ്രാമീണരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് ഈ മണ്ടത്തരത്തിന് ഇറങ്ങിയതെന്ന് പ്രദേശത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ നവീന്‍ ഹുള്ളൂര്‍ പറഞ്ഞു. വെള്ളം പരിശോധിച്ച് ഉറപ്പുവരുത്താമെന്ന് പറഞ്ഞെങ്കിലും ആളുകള്‍ സമ്മതിച്ചില്ല, തടാകത്തിന് സമീപത്തേക്ക് പോലും വരാന്‍ ആളുകള്‍ ഭയപ്പെടുന്ന കാഴ്ചയാണുള്ളത്.

pipe-water

ലൈംഗികബന്ധത്തിലൂടെയും, രോഗബാധിതമായ രക്തത്തിലൂടെയും, രോഗം ബാധിച്ച അമ്മയില്‍ നിന്നും കുട്ടിയിലേക്കും മാത്രമാണ് എച്ച്‌ഐവി പകരുക. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാന്‍ ഗ്രാമീണര്‍ തയ്യാറല്ല. തടാകത്തില്‍ നിന്നും രോഗബാധിതയായ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തതോടെ വെള്ളം മുഴുവന്‍ പമ്പ് ചെയ്ത് കളയാനാണ് ഇവര്‍ ആവശ്യപ്പെട്ടത്. നാല് ദിവസമായി ഇതേത്തുടര്‍ന്ന് വൃത്തിയാക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. അടുത്തുള്ള കനാലില്‍ നിന്നുമുള്ള ശുദ്ധജലം ഇവിടേക്ക് എത്തിച്ച് തടാകം നിറയ്ക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

ഇത്രയും വലിയ തടാകം വറ്റിക്കാനുള്ള തുകയും മറ്റും എവിടെ നിന്ന് ലഭിക്കുമെന്ന ചോദ്യത്തിന് അധികൃതര്‍ ഉത്തരം നല്‍കുന്നില്ല.

Tags: , ,
Read more about:
EDITORS PICK