വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് ഇങ്ങനെയല്ലെങ്കിലും ഇനി പണികിട്ടും

Chithra December 8, 2018

ഏറെ കാലമായി കേള്‍ക്കുന്നു അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് ഘടപ്പിച്ച് വാഹനം ഓടിക്കുന്ന കാര്യം. നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ കൂടുതല്‍ വിലയ്ക്ക് വാങ്ങി ഫിറ്റ് ചെയ്തവരും, വെറുതെ സ്റ്റിക്കര്‍ ഒട്ടിച്ച് കൊടുത്ത് നാട്ടുകാരെ പറ്റിച്ച് പണമുണ്ടാക്കിയവരും ഏറെയാണ്. എന്തായാലും ഇക്കാര്യത്തില്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അന്തിമതീരുമാനത്തില്‍ എത്തിയിരിക്കുകയാണ്. 2019 ഏപ്രില്‍ മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന പുതിയ വാഹനങ്ങള്‍ക്കാണ് അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയത്.

കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 2018 ഭേദഗതിയിലൂടെയാണ് വാഹനം ഷോറൂമില്‍ നിന്നും ഇറക്കുമ്പോള്‍ തന്നെ ഹോളോഗ്രാം പതിപ്പിച്ച നമ്പര്‍ പ്ലേറ്റ് നിര്‍മ്മാതാക്കള്‍ നല്‍കണമെന്ന് ഉത്തരവിറക്കിയത്. അലുമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളാഗ്രാഫ് രീതിയിലൂടെയാണ് എച്ച്എസ്ആര്‍പി പ്ലേറ്റുകള്‍ നിര്‍മ്മിക്കുന്നത്. വ്യത്യസ്ത വാഹനങ്ങള്‍ വ്യത്യസ്ത കോഡുകള്‍ ലേസര്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ രേഖപ്പെടുത്തി വാഹനത്തിന്റെ എല്ലാ വിവരങ്ങളുമായും ബന്ധപ്പെടുത്തും.

വ്യാജ നമ്പര്‍ പ്ലേറ്റുകാരെ പിടിക്കാന്‍ ഇതുവഴി അനായാസം സാധിക്കും. ഇതില്‍ എന്തെങ്കിലും ഭേദഗതി വരുത്താന്‍ ശ്രമിച്ചാല്‍ നമ്പര്‍ പ്ലേറ്റ് അസാധുവാകും. വാഹന നിര്‍മ്മാതാക്കളുടെ ഉത്തരവാദിത്വത്തിലാണ് ഈ നമ്പര്‍ പ്ലേറ്റ് നിര്‍മ്മിക്കേണ്ടത്. അതുകൊണ്ട് തന്നെ പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് ഇതിന്റെ തുക കൂടി ബില്ലില്‍ ലഭിക്കാനും സാധ്യതയുണ്ട്.

2001-ല്‍ ആരംഭിച്ച പദ്ധതിയാണ് 2018-ല്‍ കൃത്യമായി നടപ്പാക്കാന്‍ വഴിയൊരുങ്ങുന്നത്.

Read more about:
EDITORS PICK