ഹർത്താൽ ഒടിയന്റെ വരവിനെ ബാധിക്കില്ല; പുലർച്ചെ 4.30 മുതൽ ഷോകൾ തുടങ്ങും

Pavithra Janardhanan December 13, 2018

വെള്ളിയാഴ്ച ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ ഒടിയന്റെ റിലീസിനെ ബാധിക്കില്ല. മോഹൻലാൽ ചിത്രം ഒടിയന്റെ റിലീസ് മാറ്റി വെക്കുമോയെന്നും വാഹനങ്ങൾ തടയുമോയെന്നതും സംബന്ധിച്ച് ആശങ്കകളുയർന്നിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഒടിയന്റെ അണിയറപ്രവർത്തകർ തന്നെ വിശദീകരണം അറിയിച്ചിരിക്കുകയാണ്.

ഒടിയൻ റീലിസിൽ മാറ്റം വരുത്തില്ലെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.മുൻ നിശ്ചയ പ്രകാരം തന്നെ ഷോകൾ നടക്കുമെന്ന് ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെ ഒടിയൻ ഫേസ്ബുക്ക് പ്രമോഷന്‍ പേജ് അറിയിച്ചു. നാളെ രാവിലെ 4.30 മുതല്‍ ഷോകൾ തുടങ്ങും.

അതേസമയം ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ ഒടിയൻ സിനിമയ്ക്ക് ടിക്കറ്റ് റിസർവ്വ് ചെയ്തവർ രംഗത്തെത്തി.

ബിജെപി കേരളം എന്ന പേജിലും ഒടിയൻ സിനിമയുടെ ഫേസ്ബുക്ക് പ്രമോഷൻ പേജിലുമാണ് കമന്റുകളുമായി ഇവർ എത്തിയിരിക്കുന്നത്.

തുമ്മിയാൽ പ്രഖ്യാപിക്കുന്ന ഹർ‌ത്താലിന്റെ പേരിൽ സിനിമ കാണാൻ പോകാതിരിക്കാൻ പറ്റില്ലെന്നാണ് ടിക്കറ്റെടുത്തവരുടെ പ്രതികരണം.

ഒടിയൻ മോഹൻലാലിനും മഞ്ജുവിനും മാത്രമല്ല പ്രകാശ് രാജിനും നിർണ്ണായകം

Tags: ,
Read more about:
EDITORS PICK