കടല്‍ ജലത്തിന്റെ താപനില ക്രമാതീതമായി ഉയരുകയാണ്; നേരിടേണ്ടി വരിക രൂക്ഷമായ കാലാവസ്ഥ വ്യതിയാനങ്ങളെന്ന് പഠനങ്ങൾ

Pavithra Janardhanan January 11, 2019

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സമുദ്ര താപനില 2018 ല്‍ വളരെ കൂടുതലായിരുന്നു. ഈ നിലയ്ക്കാണ് കാര്യങ്ങളുടെ പോക്ക് എങ്കില്‍ ശാസ്ത്രലോകം മുന്‍കൂട്ടിക്കണ്ട കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ചുള്ള ഏറ്റവും മോശം പ്രവചനങ്ങള്‍ വരെ യാഥാര്‍ഥ്യമാകാന്‍ ഇടയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളാണ് പുത്തന്‍ പഠനങ്ങള്‍ പുറത്തുവിടുന്നത്. കടല്‍ ജലത്തിന്റെ താപനില ക്രമാതീതമായി ഉയരുന്നതിനെക്കുറിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ നിലയ്ക്ക് തന്നെ സമുദ്ര താപനില കൂടി വരികയാണെങ്കില്‍ ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ജലനിരപ്പ് ഏതാണ്ട് 30 സെന്റിമീറ്റര്‍ വരെ വര്‍ധിച്ചേക്കാം. മഞ്ഞു മലകളും ഒഴുകി നടക്കുന്ന മഞ്ഞു കട്ടകളും ഉരുകുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ജലനിരപ്പുയരുന്നതുമായി ബന്ധപ്പെട്ട അപകടങ്ങള്‍ മാത്രമല്ല രൂക്ഷമായ കാലാവസ്ഥ വ്യതിയാനങ്ങളും ഇതുമൂലം ഉണ്ടാകാനിടയുണ്ട്. കൊടുങ്കാറ്റും പ്രളയവും പോലുള്ള ഗുരുതര പ്രത്യാഘാതങ്ങള്‍ വരെ പ്രതീക്ഷിക്കാം.ശാസ്ത്രലോകത്തെയാകെ ആശങ്കയിലാക്കുന്ന കണ്ടുപിടുത്തങ്ങള്‍ ഉള്ള ഈ പ്രബന്ധം ദി ജേര്‍ണല്‍ സയന്‍സിലാണ് പ്രസിദ്ധീകരിച്ചത്.

കാലാവസ്ഥ വ്യതിയാനങ്ങളെ കുറിച്ച് പഠിക്കുന്ന പാനല്‍ നേരെത്തെ തന്നെ ആഗോളതാപനത്തെക്കുറിച്ചു കരുതിയിരിക്കാന്‍ ലോകത്തോട് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. 2030 ആകുമ്പോഴേക്കും കാര്യങ്ങള്‍ ഏതാണ്ട് കൈ വിട്ട് പോകുന്ന അവസ്ഥയിലാകും. അതുകൊണ്ട് താപനില നിയന്ത്രിക്കാനും അപ്രതീക്ഷിതമായ കാലാവസ്ഥ വ്യതിയാനം ഉണ്ടാകാതിരിക്കാനുമായി അടിയന്തിര നടപടികള്‍ സ്വീകരിച്ചേ മതിയാകൂ.

കാലാവസ്ഥ മുന്നറിയിപ്പിലെ അപാകത പ്രളയത്തിന് കാരണമായി

Read more about:
RELATED POSTS
EDITORS PICK