നിപാരോഗകാലത്ത് ജോലി ചെയ്ത താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കില്ലെന്ന് ആരോഗ്യ മന്ത്രി

Asha January 12, 2019
kk-shylaja

നിപാരോഗ ഭീതിയില്‍ ആളുകള്‍ പുറത്തിറങ്ങാന്‍ മടിച്ച സമയത്ത് ആശുപത്രികളില്‍ ജോലി ചെയ്ത താല്ക്കാലിക ജീവനക്കാരെ ഒഴിവാക്കില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. നിപയുടെ സമയത്ത് ഇവരോരോരുത്തരും ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനം തന്നെയാണ് നടത്തിയത്. നിലവില്‍ ജോലി ചെയ്യുന്ന ഇവരിലാരെയും ഒഴിവാക്കില്ല. ഇവരാരെയും ഒഴിവാക്കേണ്ട എന്നു തന്നെയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇവരുടെ സ്ഥിരം നിയമനത്തിന് ചില നിയമതടസ്സങ്ങളുണ്ടെന്നും എങ്കിലും സര്‍ക്കാര്‍ നിയമനം നടത്തുമ്പോള്‍ ഇവര്‍ക്ക് ആദ്യ പരിഗണന നല്‍കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

അതേസമയം ജോലിയില്‍ പ്രവേശിപ്പിക്കാത്തതിനെ തുടര്‍ന്ന് താല്ക്കാലിക ജീവനക്കാര്‍ നടത്തുന്ന രാപകല്‍ സമരം ഒരാഴ്ച പിന്നിടുകയാണ്. കഴിഞ്ഞ ഒന്നാം തിയ്യതി മുതല്‍ ഇവര്‍ക്ക് ജോലിയില്ല. നിപ കാലത്ത്് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത 42 ഓളം വരുന്ന താലക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്ന് സര്‍ക്കാര്‍ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇത് പാലിക്കപ്പെട്ടില്ല. താല്‍ക്കാലിക ജോലി പോലും ഉറപ്പ് വരുത്താന്‍ സര്‍്ക്കാരിന് കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് താല്‍ക്കാലിക ജീവനക്കാര്‍ കഴിഞ്ഞ നാലാം തീയതി മുതല്‍ സമരത്തിലാണ്. 16ാം തിയ്യതി മുതല്‍ നിരാഹരസമരവും ആരംഭിക്കും.

ജോലി നല്‍കുന്നതില്‍ സര്‍ക്കാറിന് അനുകൂല നിലപാടാണ് ഉള്ളത്, എന്നാല്‍ ആശുപത്രി മാനേജ്‌മെന്റാണ് പ്രശ്‌നമെന്നും ജീവനക്കാര്‍ പറയുന്നു. താല്‍ക്കാലിക ജോലി വേണമെങ്കില്‍ അഭിമുഖത്തില്‍ പങ്കെടുക്കണമെന്നാണ് അധികൃതരുടെ നിലപാട്. ജോലിയില്‍ സ്ഥിരപ്പെടുത്തുന്നതിന് നിയമതടസ്സങ്ങളുണ്ടെന്ന് സര്‍ക്കാര്‍ പറയുമ്പോഴും സ്ഥിരപ്പെടുത്തുന്നവരെ പരിഗണിക്കുന്ന ലിസ്റ്റ് പുറത്തിറങ്ങിയെന്നും ഇതില്‍ തങ്ങളുടെ പേരില്ലെന്നും സമരക്കാര്‍ പരാതിപ്പെടുന്നു.

Read more about:
RELATED POSTS
EDITORS PICK