രക്തദാനം ജീവദാനം; ബോംബെ രക്തഗ്രൂപ്പ് ദാനം ചെയ്ത് കണ്ണൂര്‍ സ്വദേശി

Pavithra Janardhanan January 12, 2019

രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവുകുറഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്ന ചെന്നൈയിലെ അലമേലു അമ്മയുടെ സിരകളില്‍ ഇപ്പോള്‍ ഒഴുകുന്നത് കണ്ണൂര്‍ പായം കരിയാലിലെ നിതീഷ് രഘുനാഥിന്റെ രക്തമാണ്.അപൂര്‍വങ്ങളില്‍ അപൂര്‍വം ആയ ബോംബെ ഗ്രൂപ്പ് ആയിരുന്നു അലമേലു അമ്മക്ക് വേണ്ടത്.

ഈ ഗ്രൂപ്പിന് വേണ്ടിയുളള തിരച്ചിലിലായിരുന്നു ചെന്നൈ അപ്പോളോ ആശുപത്രിയിലെ ഡോക്ടറായ മകന്‍. അപ്പോഴാണ് വാട്‌സ്ആപ്പ് സന്ദേശമെത്തിയത്. രക്തംനല്‍കാന്‍ സന്നദ്ധത അറിയിച്ചതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ചെന്നൈയിലെത്താനുള്ള സൗകര്യങ്ങള്‍ അമ്മയുടെ മകന്‍ ഒരുക്കുകയായിരുന്നു.കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ചെന്നൈയിലെത്തി നിതീഷ് രക്തംനല്‍കി മടങ്ങി.

പതിനായിരത്തില്‍ ഒരാളില്‍മാത്രം കണ്ടുവരുന്ന രക്തഗ്രൂപ്പാണ് ബോംബെ ഗ്രൂപ്പ്.  ഖത്തറില്‍ ജോലിചെയ്യുന്ന നിതീഷ് സഹോദരിയുടെ വിവാഹത്തിനായി നാട്ടിലെത്തിയതാണ്. ബ്ലഡ് ഡൊണേഷന്‍ കേരള ചാപ്റ്ററില്‍ അംഗമായ നിതീഷ് വൃക്കരോഗിക്ക് ഖത്തറില്‍ രക്തം ദാനംചെയ്യാന്‍ തയ്യാറായത് മൂന്നുവര്‍ഷംമുമ്പാണ്. അന്നത്തെ പരിശോധനയിലാണ് രക്തഗ്രൂപ്പ് ഇതാണെന്നറിയുന്നത്.അറബ് രാജ്യങ്ങള്‍ ഖത്തറിന് ഏര്‍പ്പെടുത്തിയ ഉപരോധം മറികടന്ന് കുവൈത്തിലെത്തി രക്തം നല്‍കി അമ്മയെയും കുഞ്ഞിനെയും രക്ഷിച്ചിട്ടുമുണ്ട് നിതീഷ്.

ഒ.എച്ച്. ഗ്രൂപ്പ് അല്ലെങ്കില്‍ ബോംബെ രക്തഗ്രൂപ്പ് ഉള്ളവര്‍ക്ക് ഏത് രക്തഗ്രൂപ്പുകാര്‍ക്കും രക്തംദാനം ചെയ്യാം. എന്നാല്‍, ബോംബെ ഒ.എച്ച്. രക്തഗ്രൂപ്പ് ഉള്ളവര്‍ക്ക് അതേ രക്തഗ്രൂപ്പ് ഉള്ളവരില്‍നിന്നുമാത്രമേ രക്തം സ്വീകരിക്കാനാവൂ.

തളരാതെ തണലിൽ; നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ രോഗികൾക്ക് ഒരു കൈത്താങ്ങ്

Read more about:
EDITORS PICK