ദൃശ്യം മോഡല്‍ കൊലപാതകം; ബിജെപി നേതാവ് ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

Sebastain January 12, 2019

ഇന്‍ഡോര്‍: ഇന്‍ഡോറില്‍ ദൃശ്യം മോഡല്‍ കൊലപാതകം. 2016 ഒക്ടോബര്‍ 16ന് നടന്ന കൊലപാതകത്തിലെ പ്രതികളെയാണ് പിടികൂടിയത്. ഇരുപത്തിരണ്ടുകാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് ഉള്‍പ്പെടെ 5 പേരെ അറസ്റ്റ് ചെയ്തു. ബിജെപി നേതാവായ ജഗ്ദീഷ് കരോട്ടിയ, മക്കളായ അജയ് (36), വിജയ് (38), വിനയ് (31) സഹായിയായ നീലേഷ് കശ്യപ് (28) എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
ബന്‍ഗംഗയില്‍ താമസിക്കുന്ന ട്വിങ്കിള്‍ (22) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ട്വിങ്കിളിന് ജഗ്ദീഷ് കരോട്ടിയുമായി അവിഹിത ബന്ധമുണ്ടായിരുന്നു. തുടര്‍ന്ന് ജഗ്ദീഷുമായി താമസിക്കണമെന്ന് പറഞ്ഞ് ട്വിങ്കിള്‍ പ്രശ്‌നമുണ്ടാക്കിയതോടെ മക്കളുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ട്വിങ്കിളിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഈ സംഘം കത്തിച്ചു. ഈ സ്ഥലത്ത് നിന്ന് ട്വിങ്കിളിന്റെ ആഭരണങ്ങള്‍ ലഭിച്ചതാണ് കേസിന് വഴിത്തിരിവായതെന്ന് പൊലീസ് പറഞ്ഞു. മലയാളത്തില്‍ വന്‍ ഹിറ്റായി മാറിയ ജിത്തു ജോസഫ് ചിത്രം ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് കണ്ട ശേഷമാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം. അതിനായി അവര്‍ ദൃശ്യം പലതവണ കണ്ടതായി പൊലീസ് പറഞ്ഞു.
മൃതദേഹത്തിന് പകരം സിനിമയിലേതു പോലെ നായയെ കൊന്ന് കുഴിച്ചുമൂടി ഇവര്‍ അന്വേഷണം വഴിതെറ്റിക്കാനും ശ്രമിച്ചിരുന്നു. തുടര്‍ന്ന് ബ്രെയിന്‍ ഇലക്ട്രിക്കല്‍ ഓസിലേഷന്‍ സിഗ്‌നേച്ചര്‍ ഫ്രൊഫിലിംഗ് (ബിഇഒഎസ്) എന്ന ശാസ്ത്രീയ പരിശോധന നടത്തിയാണ് കുറ്റകൃത്യത്തില്‍ പ്രതികളുടെ പങ്ക് കണ്ടെത്താന്‍ കഴിഞ്ഞത്. മസ്തിഷ്‌ക വിരലടയാളം എന്ന പേരിലറിയപ്പെടുന്ന ബിഇഒഎസ് വഴി ഇന്‍ഡോറില്‍ തെളിയിക്കുന്ന ആദ്യ കുറ്റകൃത്യം കൂടിയാണിത്.

Read more about:
EDITORS PICK