അള്ള് വച്ചവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ തട്ടുന്ന മൂഡിലാ.. അള്ള് രാമേന്ദ്രന്‍ നിരാശപ്പെടുത്തിയില്ല

സ്വന്തം ലേഖകന്‍ February 2, 2019
allu-ramedran

കുഞ്ചാക്കോ ബോബന്റെ ശക്തമായ തിരിച്ചുവരവായിരിക്കും അള്ള് രാമേന്ദ്രന്‍ എന്ന ചിത്രം എന്നുറപ്പായി. ചിത്രം കണ്ട് തിയേറ്ററില്‍ നിന്നിറങ്ങുന്നവര്‍ അള്ള് രാമേന്ദ്രന്‍ കലക്കി എന്നു പറയുന്നു.

ചാക്കോച്ചന്റെ വ്യത്യസ്ഥ കഥാപാത്രം. പോലീസ് ഡ്രൈവറുടെ കഥയാണ് ചിത്രം പറയുന്നത്. രാമേന്ദ്രന്‍ എപ്പോള്‍ പോലീസ് ജീപ്പെടുത്താലും അള്ള് കിട്ടും, അതായത് പഞ്ചറാകും.

ഇതോടെയാണ് അള്ള് രാമേന്ദ്രന്‍ എന്ന വട്ടപ്പേര് ലഭിക്കുന്നത്. ആരാണ് ഇത് ചെയ്യുന്നതെന്നോ എന്താണ് കാരണമെന്നോ അറിയില്ല. അള്ള് വച്ചവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ തട്ടുന്ന മൂഡിലാണ് നമ്മടെ രാമേന്ദ്രന്‍. ചില പിടിവാശികളുള്ള കഥാപാത്രമാണ് രാമേന്ദ്രന്‍.

രാമേന്ദ്രന് ഒരു സഹോദരിയുണ്ട്, അപര്‍ണ ബാലമുരളിയാണ് സഹോദരി. സ്വാതി എന്ന കഥാപാത്രത്തിന്റെ പ്രണയവും ചിത്രത്തില്‍ രസകരമാണ്. പ്രണയ നായകനായി കൃഷ്ണ ശങ്കറുമുണ്ട്. കോമഡി നിറയ്ക്കാന്‍ ധര്‍മജനും ചിത്രത്തിലുണ്ട്. ഹരീഷ് കണാരനും പൊട്ടിച്ചിരി ഉണര്‍ത്തുന്നു.

തകര്‍പ്പന്‍ ട്വിസ്റ്റോട് കൂടിയാണ് ആദ്യ പകുതി അവസാനിക്കുന്നത്. രണ്ടാംപകുതിയില്‍ സമാന്തരമായി പറഞ്ഞുപോകുന്ന രണ്ടുകഥകളും ഒറ്റനൂലിലേക്ക് കോര്‍ക്കുമ്പോഴും രസച്ചരട് പൊട്ടാതെ മുന്നോട്ട് കൊണ്ടു പോകാന്‍ സംവിധായകന് കഴിഞ്ഞു. എസ്.ഐ വേഷത്തിലെത്തിയ സലീം കുമാറും പ്രേക്ഷകനെ കൈയിലെടുക്കുന്നുണ്ട്.

കുഞ്ചാക്കോ ബോബന്റെ ഭാര്യ വിജിയുടെ വേഷത്തിലെത്തിയത് ചാന്ദ്‌നിയാണ്. നെഗറ്റീവ് കഥാപാത്രമായെത്തുന്ന ശ്രീനാഥ് ഭാസിയും മോശമായില്ല. മുത്തശ്ശി കഥാപാത്രത്തിലൂടെ സുഡാനി ഫ്രൈം നൈജീരിയ ഫെയിം സരസ ബാലുശ്ശേരിയും കൈയടി നേടുന്നു.

ബിലഹരിയാണ് അള്ള് രാമേന്ദ്രന്‍ സംവിധാനം ചെയ്തത്. വളരെ രസകരമായ ഒരു ഇതിവൃത്തത്തെ അതിന്റെ രസച്ചരട് മുറിക്കാതെ ആദ്യാവസാനം അവതരിപ്പിക്കാന്‍ ബിലഹരിക്ക് സാധിച്ചു.ജിംഷി ഖാലിദ് മനോഹരമായ രംഗങ്ങള്‍ ക്യാമറയിലേക്ക് പകര്‍ത്തി പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തിച്ചു. തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ക്കൊടുവില്‍ എത്തിയ കുഞ്ചാക്കോ ബോബന്റെ അള്ള് രാമേന്ദ്രന്‍ ആരാധകരെ നിരാശരാക്കിയില്ല.

Read more about:
RELATED POSTS
EDITORS PICK