തീയ്യറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുന്ന കുമ്പളങ്ങി നൈറ്റ്സിന്റെ പോസ്റ്റർ അടിച്ചു മാറ്റിയത്. ലോക പ്രസിദ്ധമായ ബീറ്റിൽസ് എന്ന മ്യൂസിക് ബാൻഡിന്റെ അംഗങ്ങൾ ഒരു സീബ്രാക്രോസിങ്ങിലൂടെ നടക്കുന്ന കവർ ചിത്രത്തിൽ നിന്നാണ് അടിച്ചു മാറ്റിയത്.

ഈ ഫോട്ടോ ഇയാൻ മാക്മില്ലൻ എന്ന ഫോട്ടോഗ്രാഫർ 1969 കാലഘട്ടത്തിൽ എടുത്തതാണ്. ബീറ്റിൽസ് ആൽബത്തിന്റെ കവർചിത്രത്തിൽ ഉൾപ്പെട്ടെന്ന ഒരൊറ്റ കാരണം കൊണ്ട് 1986ൽ ഒരു കാർ 2,530 പൗണ്ടിനാണ് ലേലത്തിൽ പോയത്. അത്രയേറെ പ്രസിദ്ധമായ ആ കവർ ചിത്രത്തിന്റെ ഐഡിയ ചൂണ്ടിയാണ് ഇപ്പോൾ അതിൽ ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന് എഴുതി വെച്ചിരിക്കുന്നത്.

ഫഹദ് ഫാസില്‍, ഷൈയ്ന്‍ നിഗം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മധു സി നാരായണന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം പുഷ്കറും ദിലീഷ് പോത്തനും ചേര്‍ന്നാണ്.
അനൂപ് സി ബി എന്ന യുവാവാണ് ഫേസ്ബുക്കിൽ ഈ കുറിപ്പ് പങ്കുവെച്ചത്.

അനൂപിന്റെ കുറിപ്പ് വായിക്കാം
ബീറ്റിൽസ്’……ആ പേര് കേൾക്കാത്ത സംഗീതപ്രേമികൾ ലോകത്ത് കുറവായിരിക്കും. 1960ൽ ഇംഗ്ലണ്ടിലെ ലിവർപൂളിൽ ജോൺ ലെനൻ, ജോർജ് ഹാരിസൺ, പോൾ മക്കാർട്ടിനി, റിംഗോ സ്റ്റാർ എന്നിവർ ചേർന്ന് ആരംഭിച്ച മ്യൂസിക് ബാൻഡ് 1970ൽ വേർപിരിയുന്നത് വരെ അക്ഷരാർത്ഥത്തിൽ ലോകം ഭരിക്കുകയായിരുന്നു. ബീറ്റിൽസുമായി ബന്ധപ്പെട്ട എന്തും ജനപ്രിയമാകുന്ന അവസ്ഥ വരെയുണ്ടായി. ബീറ്റിൽമാനിയ എന്നു വിളിക്കപ്പെട്ട അറുപതുകളിലെ ഈ ജനപ്രിയതയുടെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ് ആബി റോഡിലെ ‘(Abbey Road’) ആൽബം കവർ. ബീറ്റിൽസ് പുറത്തിറക്കിയ പതിനൊന്നാമത്തെ ആൽബമായിരുന്നു ആബി റോഡ് ‘. ഈ ആൽബത്തിന്റെ കവർ ഡിസൈൻ ചെയ്തത് ആപ്പിൾ റെക്കോർഡ്സിലെ ക്രിയേറ്റിവ് ഡയറക്ടർ ജോൺ കോഷ് ആണ്. ഇംഗ്ലണ്ടിലെ ആബി
റോഡിലെ ഒരു സീബ്രാക്രോസിങ്ങിലൂടെ നടക്കുന്ന ബീറ്റിൽസ് ബാൻഡ് അംഗങ്ങളുടെ ഈ ഫോട്ടോ ഇയാൻ മാക്മില്ലൻ എന്ന ഫോട്ടോഗ്രാഫർ 1969 ആഗസ്റ്റ് 8ന് എടുത്തതാണ്. ഈ കവർചിത്രത്തിൽ ‘ബീറ്റിൽസ്’ എന്ന ബാൻഡിന്റെ പേരോ, ആൽബത്തിന്റെ പേരോ എഴുതാതെയാണ് ആൽബം പുറത്തിറക്കിയത്.

ഇതും ജോൺ കോഷിന്റെ ഐഡിയ ആയിരുന്നു. ഒരു പേരിന്റെയും ആവശ്യമില്ല, ബീറ്റിൽസ് ലോകത്തെ ഏറ്റവും പ്രസിദ്ധമായ മ്യൂസിക് ബാൻഡ് ആണ് എന്നായിരുന്നു ഇതേപ്പറ്റി ജോൺ കോഷിന്റെ പ്രതികരണം.ആൽബം ലോകപ്രസിദ്ധമായതിനൊപ്പം ഈ കവർചിത്രവും പ്രസിദ്ധമായി. ഈ ചിത്രത്തിന് ലോകമെങ്ങും ആരാധകർ പാരഡികൾ സൃഷ്ട്ടിച്ചു. ഈ ചിത്രത്തിൽ ഇടതുവശത്തു കാണുന്ന ‘എൽ എം ഡബ്ലിയു 281F’ നമ്പർ വോക്സ്വാഗൻ ബീറ്റിൽ കാർ ഈ ഫോട്ടോയിൽ ഉൾപ്പെട്ടതോടെ പ്രസിദ്ധമായി. ഈ കാറിന്റെ നമ്പർപ്ളേറ്റ് പലതവണ മോഷണം പോയി. ബീറ്റിൽസ് ആൽബത്തിന്റെ കവർചിത്രത്തിൽ ഉൾപ്പെട്ടെന്ന ഒരൊറ്റ കാരണം കൊണ്ട് 1986ൽ ഈ കാർ 2,530 പൗണ്ടിനാണ് ലേലത്തിൽ പോയത്. ആബി റോഡിലെ (Abbey Road)ലെ ഈ സീബ്രാ ക്രോസ്സിംഗ് ബീറ്റിൽസ് ആരാധകരുടെ സങ്കേതമായി. എന്തിനേറെ ഈ സ്ഥലത്തിന്റെ സാംസ്കാരികവും, ചരിത്രപരവുമായ പ്രാധാന്യം കണക്കിലെടുത്ത് 2010 ഡിസംബറിൽ ഈ സീബ്രാ ക്രോസിങ്ങിന് ഗ്രേഡ് II ലിസ്റ്റഡ് പദവി വരെ കൊടുത്തു. എന്തായാലും, ലോകം മുഴുവൻ പ്രസിദ്ധമായ ഒരു ചിത്രത്തിന്റെ ഐഡിയ ചൂണ്ടി അതിൽ ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന് എഴുതി വെച്ച ഡിസൈനറെ സമ്മതിക്കണം.