മന്ത്രി ഇ.പിക്കും കേരള സര്‍ക്കാരിനും നന്ദി: എംബി രാജേഷ് എംപിയുടെ ആവശ്യം കായികവകുപ്പ് ഏറ്റെടുത്തു: കായിക താരം ശ്രീശങ്കറിന് പരീശിലനത്തിന് ധനസഹായം: നന്ദി പറഞ്ഞ് എം പി

arya antony February 9, 2019

പാലക്കാട്: കായിക താരമായ ശ്രീശങ്കറിന് പരിശീലനത്തിനുള്ള ധനസഹായം അനുവദിക്കണമെന്ന എംബി രാജേഷ് എം പിയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. ശ്രീശങ്കറിന് ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള പരിശീലനത്തിന് പ്രതിമാസം 25000 രൂപയും അതിനു പുറമേ രണ്ടു ലക്ഷം രൂപ പ്രത്യേകവും അനുവദിക്കണമെന്നായിരുന്നു എം പിയുടെ ആവശ്യം. കായികമന്ത്രിയോട് ഇക്കാര്യം നേരിട്ടും രേഖാമൂലവും ആവശ്യപ്പെട്ടതനുസരിച്ചാണ് സര്‍ക്കാര്‍ ഉത്തരവുവിറക്കിയത്.

ലോങ്ജംപില്‍ ലോകജൂനിയര്‍ റാങ്കിങ്ങില്‍ ഒന്നാംസ്ഥാനത്താണ് പാലക്കാട് സ്വദേശിയായ ശ്രീശങ്കര്‍. കോമണ്‍വെല്‍ത്ത് റാങ്കിങ്ങിലും ഒന്നാമനാണ്. പഠനത്തില്‍ മിടുക്കനായ ശ്രീശങ്കറിന് മെറിറ്റില്‍ മെഡിസിന് പ്രവേശനം ലഭിച്ചതാണ്. എന്നാല്‍ അതുപേക്ഷിച്ചാണ് ലോംങ്ജംപില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി വിക്ടോറിയ കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്നത്. എലൈറ്റ് സ്‌കീമില്‍ ഉള്‍പ്പെടാത്താന്‍ സഹായിക്കണമെന്നായിരുന്നു എം ബി രാജേഷ് എം പിയോട് ശ്രീശങ്കറിന്റെ കുടുംബം ആവശ്യപ്പെട്ടത്.

വിദേശപരിശീലന സൗകര്യംവേണ്ടെന്നാണ് ശ്രീശങ്കറിന്റെ നിലപാട്. ഇന്റര്‍നാഷണല്‍ അത്ലറ്റുകളായിരുന്ന ശ്രീ.മുരളി-ബിജിമോള്‍ ദമ്പതികളുടെ മകനായ ശ്രീശങ്കറിന് അച്ഛനു കീഴില്‍ പരിശീലനം നടത്താനാണിഷ്ടമെന്നാണറിയിച്ചത്. ശ്രീശങ്കറിന്റെ പരിശീലനത്തിനായി മാത്രം സംസ്ഥാന സര്‍ക്കാര്‍ 17 ലക്ഷം രൂപ മുടക്കി സിന്തറ്റിക് പിച്ച് ഉള്‍പ്പെടെയുളള സൗകര്യങ്ങള്‍ നേരത്തെ ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ശ്രീശങ്കരിന് നല്‍കിയ സഹായം എം ബി രാജേഷ് എം പി തന്റെ ഫേസ് ബുക്കിലൂടെയാണ് അറിയിച്ചത്. എം പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം.

ഈ സന്തോഷം വളരെ വലുതാണ്. പാലക്കാടിന്റെ അഭിമാനമായ ശ്രീശങ്കറിന് ഒളിമ്പിക്‌സ് ലക്ഷ്യമിട്ടുള്ള പരിശീലനത്തിന് പ്രതിമാസം 25000 രൂപയും അതിനു പുറമേ രണ്ടു ലക്ഷം രൂപ പ്രത്യേകവും അനുവദിക്കണമെന്ന എന്റെ ആവശ്യം സംസ്ഥാന സർക്കാർ അംഗീകരിച്ചു. സ്‌പോർട്‌സ് മന്ത്രിയോട് ഇക്കാര്യം നേരിട്ടും രേഖാമൂലവും ആവശ്യപ്പെട്ടതനുസരിച്ച് സർക്കാർ ഉത്തരവുമിറങ്ങി
ഇനി ആരാണ് ശ്രീശങ്കർ എന്നറിയുക. ലോങ്ജംപിൽ ലോകജൂനിയർ റാങ്കിങ്ങിൽ ഒന്നാമൻ. കോമൺവെൽത്ത് റാങ്കിങ്ങിലും ഒന്നാമൻ. 8.20 മീ. ഇതിനകം ചാടിയ ഈ പത്തൊൻപതുകാരൻ ഒരിന്ത്യാക്കാരന്റെ ഏറ്റവും കൂടുതൽ ദൂരം മാത്രമല്ല ലണ്ടൻ ഒളിമ്പിക്‌സിലെ വെള്ളിമെഡൽ ജേതാവിന്റെ ദൂരവും പിന്നിട്ടു കഴിഞ്ഞു. 2017-18 ൽ ഒറ്റ വർഷം കൊണ്ട് 52 സെ.മീറ്ററാണ് ശ്രീശങ്കർ പ്രകടനം മെച്ചപ്പെടുത്തിയത്! ടി.സി.യോഹന്നാൻ, സുരേഷ്ബാബു എന്നീ ലോങ്ജംപ് ഇതിഹാസങ്ങളെ സൃഷ്ടിച്ച കേരളത്തിൽ പിറന്ന അവരേക്കാൾ പ്രഗത്ഭനായ പ്രതിഭ. പഠിക്കാനും മിടുക്കനായ ശ്രീശങ്കറിന് മെറിറ്റിൽ മെഡിസിന് പ്രവേശനം കിട്ടിയെങ്കിലും അതുപേക്ഷിച്ച് വിക്ടോറിയ കോളേജിൽ ഡിഗ്രിക്ക് ചേർന്നത് ലോങ്ജംപിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്. ഒരു അത്‌ലറ്റിന്റെ ആത്മസമർപ്പണത്തിന് ഇതിനേക്കാൾ വിലയ സാക്ഷ്യം വേറെന്തുവേണം?


ശ്രീശങ്കറിനെ വീട്ടിൽ ചെന്ന് കണ്ടപ്പോൾ എന്നോടു പറഞ്ഞത് എലൈറ്റ് സ്‌കീമിൽ ഉൾപ്പെടാത്താൻ സഹായിക്കണമെന്നായിരുന്നു. ഞാൻ അതിനു പുറമേ കായിക വികസന നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ കൂടി അനുവദിക്കണമെന്ന ആവശ്യം കൂടി മന്ത്രിയോട് ഉന്നയിച്ചു. മന്ത്രി ഇ.പി. രണ്ടും അംഗീകരിച്ച് ഉത്തരവുമിറക്കി. വിദേശപരിശീലന സൗകര്യമൊരുക്കണോ എന്ന് ഞാൻ ശ്രീശങ്കറിനോട് അന്വേഷിച്ചിരുന്നു. എന്നാൽ ഇന്റർനാഷണൽ അത്‌ലറ്റുകളായിരുന്ന ശ്രീ.മുരളി-ബിജിമോൾ ദമ്പതികളുടെ മകനായ ശ്രീശങ്കറിന് അച്ഛനു കീഴിൽ പരിശീലനം നടത്താനാണിഷ്ടമെന്നാണറിയിച്ചത്. ഇത്രയും നേട്ടങ്ങൾ കൈവരിച്ചത് അച്ഛനു കീഴിലാണെന്നും പറഞ്ഞു.
ശ്രീശങ്കറിന്റെ പരിശീലനത്തിനായി മാത്രം സംസ്ഥാന സർക്കാർ 17 ലക്ഷം രൂപ മുടക്കി സിന്തറ്റിക് പിറ്റ് ഉൾപ്പെടെയുളള സൗകര്യങ്ങൾ നേരത്തെ ഒരുക്കിയിട്ടുണ്ട്. ലക്ഷ്യം ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ആദ്യത്തെ അത്‌ലറ്റിക്‌സ് മെഡലാണ്. മെഡൽ നേടിക്കഴിഞ്ഞാൽ വാരിക്കോരി സമ്മാനങ്ങൾ കൊടുക്കുകയും അതിനുമുമ്പ് തിരിഞ്ഞു നോക്കാതിരിക്കുകയും ചെയ്യുന്ന പതിവ് രീതിയല്ല എൽ.ഡി.എഫ്. സർക്കാരിന്റേത് എന്നു തെളിയിക്കുന്നു കായികമന്ത്രി ഇ.പി.ജയരാജന്റെ നടപടി. പരിശീലനഘട്ടത്തിലാണ് ഏറ്റവും വലിയ പിന്തുണയും സഹായവും വേണ്ടത്.
ശ്രീശങ്കറിന് നൽകിയ വാക്കും അതിനപ്പുറവും പാലിക്കാനായതിൽ ചാരിതാർത്ഥ്യം. മന്ത്രി ഇ.പി.ക്കും കേരള സർക്കാരിനും നന്ദി.

Posted by MB Rajesh on Saturday, February 9, 2019
Read more about:
EDITORS PICK