ഇന്ന് ടെഡ്ഡി ഡേ; ഓമനത്തമുള്ള പാവക്കുട്ടികള്‍ പരസ്പരം കൈമാറുന്നതിന് പിന്നില്‍ ചില മനശാസ്ത്രമുണ്ട്

Asha February 10, 2019

പ്രണയത്തിന്റെ മാസമായ ഫെബ്രുവരിയില്‍ പ്രണയിതാക്കള്‍ പരസ്പരം കൈമാറുന്ന സമ്മാനങ്ങള്‍ക്ക് വലിയ റോള്‍ ഉണ്ട്. ഇന്ന് ഫെബ്രുവരി പത്ത് വാലന്റൈന്‍സ് വീക്കിലെ നാലാം ദിവസമാണ്. ഫെബ്രുവരി ഏഴ് മുതല്‍ 14 വരെ ഓരോ ദിവസത്തിനും ഓരോ പ്രത്യേകതയുണ്ട്. ഇന്ന് ടെഡ്ഡി ഡേയാണ്. ഈ ദിവസത്തില്‍ പ്രണയിതാക്കള്‍ പരസ്പരം ടെഡ്ഡിബിയറുകളാണ് സമ്മാനമായി നല്‍കുക. മനോഹരമായ പാവക്കുട്ടികള്‍ പരസ്പരം കൈമാറുന്നതിന് പിന്നില്‍ ഒരുപാട് കാര്യങ്ങളുണ്ടെന്നാണ് മനശാസ്ത്രം.

പ്രണയിക്കുന്നവര്‍ എല്ലായ്‌പ്പോഴും ഒരുമിച്ചായിരിക്കില്ല. അങ്ങനെയുള്ളപ്പോള്‍ പരസ്പരം സമ്മാനിക്കുന്ന ഈ പാവക്കുട്ടി സ്‌നേഹിക്കുന്നയാളുടെ പ്രതിരൂപമാകുന്നു. പാവയോട് സംസാരിക്കുന്നവരും പാവയോടൊപ്പം ഡാന്‍സ് ചെയ്യുന്നവരും പാവയെ കെട്ടിപ്പിടിക്കുന്നവരുമൊക്കെ അതുവഴി കൂടെയില്ലാത്ത പ്രണയിതാവിനെയാണ് സ്‌നേഹിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ വലുപ്പമുള്ള ടെഡ്ഡിബിയറുകള്‍ക്കാണ് പ്രീയമേറുന്നത്.

എപ്പോഴും ചിരിച്ച മുഖത്തോടെ സന്തോഷത്തോടെയിരിക്കുന്ന ടെഡ്ഡി ബിയറിനെ കാണുമ്പോള്‍ അത് പ്രണയിക്കുന്നയാളാണെന്ന് സങ്കല്‍പ്പിക്കുന്നത് ഒരു പരിധിവരെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കുമെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. ക്ഷമയോടെ തന്നെ കേള്‍ക്കാനും സ്‌നേഹിക്കാനും കഴിയുന്നയാളാണ് പങ്കാളിയെന്ന ചിന്ത ജനിപ്പിക്കാന്‍ ഈ ടെഡ്ഡിബിയര്‍ മതി.

വാലന്റൈന്‍സ് ഡേ പ്രധാനമായും പ്രണയിക്കുന്നവരാണ്് ആഘോഷിക്കുകയെങ്കിലും യഥാര്‍ത്ഥത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പവും കുടുംബത്തിനൊപ്പവുമൊക്കെയും ആഘോഷിക്കേണ്ടതാണ്. പ്രണയത്തിന്റെ, സ്‌നേഹത്തിന്റെ ദിവസമാണ്. സമ്മാനങ്ങള്‍ ലഭിക്കുന്നത് എല്ലാവര്‍ക്കും സന്തോഷമാണല്ലോ. ചോക്കലേറ്റ് ആര് കഴിച്ചാലും മധുരമാണുതാനും. അതുകൊണ്ടുതന്നെ പ്രണയിക്കാന്‍ ഒരാളില്ലെന്ന കാരണത്താല്‍ ആരും പ്രണയദിനം ആഘോഷിക്കാതിരിക്കേണ്ടതില്ല. കുടുംബത്തോടൊപ്പവുമാകാം സ്‌നേഹം പങ്കുവെക്കല്‍.

Read more about:
EDITORS PICK