ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി 30 കോടി വാഗ്ദാനം ചെയ്തു: കര്‍ണ്ണാടകയിലെ ജെഡിഎസ് എംഎല്‍എയുടെ വിവാദ വെളിപ്പെടുത്തല്‍

Julie Varghese February 10, 2019

കോലാര്‍: കര്‍ണ്ണാടകയിലെ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയിലേക്ക് പുതിയ വെളിപ്പെടുത്തലുമായി ഭരണപക്ഷ എം എല്‍ എ. ബിജെപിയുടെ കോടികളുടെ വിലപേശലാണ് നിയമസഭാംഗം കെ ശ്രീനിവാസ ഗൗഡ പുറത്തുവിട്ടിരിക്കുന്നത്.
പാര്‍ട്ടിയില്‍നിന്ന് രാജിവെക്കാന്‍ ബിജെപി 30 കോടി വാഗ്ദാനം ചെയ്തെന്നാണ് കര്‍ണാടകത്തിലെ ഭരണപക്ഷ എംഎല്‍എ. ജനതാദള്‍ (എസ്) നിയമസഭാംഗം കെ ശ്രീനിവാസ ഗൗഡ വെളിപ്പെടുത്തുന്നത്. മുന്‍കൂറായി തനിക്ക് അഞ്ച് കോടി രൂപ നല്‍കിയതായും അദ്ദേഹം പറഞ്ഞു.


അതേസമയം കര്‍ണാടകത്തിലെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യദ്യൂരപ്പ കോണ്‍ഗ്രസ് എംഎല്‍എമാരെ വിലകൊടുത്തു വാങ്ങാന്‍ ശ്രമിക്കുന്നതായുള്ള കോണ്‍ഗ്രസിന്റെ ആരോപണം ശെരിവെക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍.
കോണ്‍ഗ്രസിലെ 18 എംഎല്‍എമാരെ വിലയ്ക്കെടുക്കുന്നതിന് ബിജെപി 200 കോടി വാഗ്ദാനം ചെയ്തെന്നായിരുന്നു ആരോപണം.

ബിജെപി നേതാക്കളായ സിഎന്‍ അശ്വത് നാരായണ്‍, എസ്ആര്‍ വിശ്വനാഥ്, സിപി യോഗേശ്വര എന്നിവര്‍ തന്റെ വീട്ടില്‍ വന്നിരുന്നു. പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നതിന് പണം വാഗ്ദാനം ചെയ്യുകയുമായിരുന്നു. അവിടെവെച്ച് അഞ്ചു കോടി രൂപ തന്നെന്നും ശ്രീനിവാസ ഗൗഡ വെളിപ്പെടുത്തി.

അവരുടെ പ്രധാന ആവശ്യം ജെഡിഎസില്‍നിന്ന് രാജിവെക്കണമെന്നായിരുന്നു. എന്നാല്‍ താന്‍ ഒരിക്കലും രാജിവെക്കില്ലെന്നും പാര്‍ട്ടിയോട് വിശ്വസ്തനാണെന്നും പറഞ്ഞു. തനിക്കു തന്ന പണം തിരികെ കൊണ്ടുപോകാന്‍ ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം എച്ച്ഡി കുമാരസ്വാമിയോട് പറയുകയും ചെയ്തിരുന്നുവെന്ന് ശ്രീനിവാസ ഗൗഡ വെളിപ്പെടുത്തി.

Read more about:
EDITORS PICK