മാര്‍ച്ച് മുതല്‍ സ്മാര്‍ട്ട് ഫോണുകളില്‍ ആര്‍ത്തവ ഇമോജി

arya antony February 10, 2019

ലണ്ടന്‍: സ്മാര്‍ട്ട്‌ഫോണുകളില്‍ മാര്‍ച്ചോടെ ആര്‍ത്തവ ഇമോജി എത്തും. തന്റെ ആര്‍ത്തവകാലമാണെന്ന് ഒരു സ്ത്രീക്ക് ഇതിലൂടെ വ്യക്തമാക്കുവാന്‍ സാധിക്കും. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന സമൂഹത്തില്‍ അവളെ കൂടുതല്‍ ശക്തമാക്കാന്‍ ഇമോജി വഴി സാധിക്കുമെന്നാണ് സംഘാടകര്‍ വ്യക്തമാക്കുന്നത്. വലിയ തടിച്ച രക്തതുള്ളിയാണ് പ്രധാന അടയാളം. ഇത് നീല കലര്‍ന്ന പാശ്ചത്തലത്തിലാണ്. സാധരണനിലയില്‍ സാനിറ്ററി നാപ്കിന്‍ പരസ്യത്തില്‍ കാണുന്ന പാശ്ചത്തലത്തില്‍ തന്നെയാണ് ഇത്.

ഏറ്റവും നാണത്തോടെ സ്ത്രീ പുരുഷനില്‍ നിന്നും ഒളിപ്പിച്ച് വയ്ക്കുന്ന രഹസ്യമാണ് ആര്‍ത്തവം. ജൈവികമായ ശാരീരിക പ്രക്രിയ ആണെങ്കിലും അതിന് പാരമ്പര്യമായ വിശ്വസത്തിന്റെ പേരില്‍ കൈവന്ന മോശമെന്ന തോന്നല്‍ അതിനെ ഒരു രഹസ്യമായി സൂക്ഷിക്കാന്‍ കാരണമാകുന്നു. അതിനാല്‍ തന്നെ പങ്കാളിയുടെ ആര്‍ത്തവ കാലത്തെക്കുറിച്ച് പുരുഷന്‍ തീര്‍ത്തും അജ്ഞതയിലാകുന്നു. ഇത് അവര്‍ക്ക് സ്ത്രീകളെ സഹായിക്കാനോ അവരുടെ വികാരം മനസിലാക്കാനോ തടസമാകുന്നു. അതിനാല്‍ തന്നെയാണ് യുകെ ആസ്ഥാനമാക്കിയുള്ള പ്ലാന്‍ ഇന്റര്‍നാഷണല്‍ എന്ന ഏജന്‍സിയുടെ ക്യാംപെയിന്റെ ഭാഗമായി ഇത്തരത്തില്‍ ഒരു ആര്‍ത്തവ ഇമോജി സ്മാര്‍ട്ട്‌ഫോണുകളില്‍ വരുന്നത്.

ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യത്യാസം അവരുടെ മാനസികമായ അവസ്ഥയെ ബാധിക്കാറുണ്ട്. അതിനാല്‍ അവര്‍ക്ക് സൗകര്യമല്ലാത്ത സംഭാഷണങ്ങളും ഇടപെടലും ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും ഈ ഇമോജി പങ്കുവയ്ക്കുന്നതിലൂടെ ഇത്തരത്തിലുള്ള അനാവശ്യ പ്രശ്‌നങ്ങള്‍ ഒഴിപ്പിച്ച് സമാധാനപരമായ ആര്‍ത്തവകാലം സ്ത്രീകള്‍ക്ക് ഒരുക്കി കൊടുക്കാന്‍ ചുറ്റുമുള്ളവര്‍ക്ക് കഴിയും എന്നാണ് ഈ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. സ്ത്രീ സമൂഹം ആഘോഷിക്കട്ടെ അവരുടെ ആര്‍ത്തവ കാലം. ആര്‍പ്പോ ആര്‍ത്തവം….

Read more about:
RELATED POSTS
EDITORS PICK