ഡല്‍ഹിയില്‍ ജീന്‍സും ടോപ്പും: മണ്ഡലത്തില്‍ സാരിയും സിന്ദൂരവും: പ്രിയങ്കയെ പരിഹസിച്ച് ബിജെപി എംപി

arya antony February 10, 2019

ന്യൂഡല്‍ഹി: പ്രിയങ്കയുടെ വസ്ത്രധാരണത്തെ പരിഹസിച്ച് ബിജെപി എംപി ഹരീഷ് ദ്വിവേദി. ഡല്‍ഹിയില്‍ ജീന്‍സ് ടോപ്പും ധരിക്കുന്ന പ്രിയങ്ക മണ്ഡലത്തിലെത്തുമ്പോള്‍ സാരിയും സിന്ദൂരവും എന്ന രീതിയാണെന്നാണ് ഹരീഷ് ദ്വിവേദിയുടെ പരിഹാസ പ്രസ്താവന. രാഹുല്‍ ഗാന്ധി പരാജയപ്പെട്ടതുപോലെ പ്രിയങ്കയും രാഷ്ട്രീയത്തില്‍ പരാജയപ്പെടും. ഡല്‍ഹിയില്‍ പ്രിങ്ക ഗാന്ധി ധരിക്കുന്നത് ജീന്‍സും ടീഷര്‍ട്ടുമാണ്. എന്നാല്‍ മണ്ഡലത്തിലെത്തുമ്പോള്‍ അവര്‍ സാരി ധരിക്കുകയും സിന്ദൂരം അണിയുകയും ചെയ്യും.- ഹരീഷ് ദ്വിവേദി ബസ്തിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേയ്ക്ക് എത്തിയ പ്രിയങ്കാ ഗാന്ധിക്കെതിരെ നിരവധി ബിജെപി നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വ്യക്തിപരമായി പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന പ്രസ്താവനകള്‍ നിരവധിയുണ്ടായി.

സൗന്ദര്യം, രാഷ്ട്രീയത്തിലെ പരിചയക്കുറവ്, കുടുംബവാഴ്ച തുടങ്ങിയവയുടെ പേരിലും ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്കെതിരായ ആരോപണങ്ങളുടെ പേരിലുമെല്ലാം പ്രിയങ്കയ്ക്കെതിരെ നിരവധി ആക്ഷേപങ്ങള്‍ അടുത്തിടെ ഉയര്‍ന്നുവന്നിരുന്നു. പ്രിയങ്ക വളരെ സുന്ദരിയാണ്. എന്നാല്‍ എന്തെങ്കിലും രാഷ്ട്രീയ നേട്ടങ്ങളോ കഴിവോ അവര്‍ക്കില്ലെന്ന് ബിഹാര്‍ മന്ത്രി വിനോദ് നാരായണ്‍ ഝാ പ്രസ്താവിച്ചിരുന്നു. മുത്തശ്ശി ഇന്ദിരാ ഗാന്ധിയുമായുള്ള പ്രിയങ്കയുടെ രൂപസാദൃശ്യത്തെ പരിഹസിച്ച് ബിഹാറിലെ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയും രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസില്‍ ശക്തരായ നേതാക്കളില്ലാത്തതുകൊണ്ടാണ് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രിയങ്ക ഗാന്ധിയെപ്പോലുള്ള ചോക്ലേറ്റ് മുഖങ്ങളെ അവതരിപ്പിക്കുന്നതെന്ന് ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗിയ പറഞ്ഞിരുന്നു.

Read more about:
EDITORS PICK