ഓട്ടോമാറ്റിക് ലിഫ്റ്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് പാമ്പന്‍ പാലം പുതുക്കി പണിയുന്നു

Asha February 11, 2019

രാമേശ്വരത്തെ ധനുഷ്‌കോടിയുമായി ബന്ധിപ്പിക്കുന്ന പാമ്പന്‍ റെയില്‍വേ പാലം പുതുക്കി പണിയുന്നതിനുള്ള പ്രാരംഭനടപടികള്‍ തുടങ്ങി. കപ്പലുകള്‍ക്ക് കടന്നുപോകാന്‍ കഴിയുന്നവിധത്തില്‍ പാലത്തിന്റെ മധ്യഭാഗം മുകളിലേക്ക് ഉയര്‍ത്തുന്ന ഓട്ടോമാറ്റിക് ലിഫ്റ്റിങ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രീതിയിലാണ് പാലം പുതുക്കിപ്പണിയുന്നത്. നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് മണ്ണ് പരിശോധന തുടങ്ങി. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ പാലത്തിന്റെ മധ്യഭാഗം അപ്പാടെ ഉയര്‍ത്തുന്ന ഓട്ടോമാറ്റിക് ലിഫ്റ്റിങ് സാങ്കേതികവിദ്യ പ്രയോഗത്തില്‍ വരുത്തുന്ന പാലം നിര്‍മ്മാണം നടക്കുന്നത്.

ചരക്കുമായി വരുന്ന കപ്പലുകള്‍ക്ക് കടന്നുപോകാന്‍ പാലത്തിന്റെ മധ്യഭാഗം രണ്ട് ഭാഗമായി തിരിഞ്ഞ് രണ്ട് വശങ്ങളിലേക്ക് ഉയര്‍ത്തുന്ന രീതിയിലാണ് നിലവില്‍ പാമ്പന്‍പാലം പ്രവര്‍ത്തിക്കുന്നത്. പുതിയ സാങ്കേതിക വിദ്യ വഴി പാലത്തിന്റെ മധ്യഭാഗം മുഴുവനായി മുകളിലേക്കുയരുകയും കപ്പല്‍ പോയതിനു ശേഷം ട്രെയിനുകള്‍ കടന്നുപോകുന്നതിനായി വീണ്ടും പഴയപടിയാവുകയും ചെയ്യുന്ന രീതിയാണ് നടപ്പിലാക്കുക.

ഇരുന്നൂറ്റി അന്‍പത് കോടി രൂപയാണ് പാലത്തിന്റെ നിര്‍മ്മാണച്ചെലനായി കണക്കാക്കുന്നത്. നാല് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിലെ പാമ്പന്‍ പാലത്തിന് നൂറ്റിനാല് വര്‍ഷത്തെ പഴക്കമുണ്ട്. രാജ്യത്തെ എന്‍ജിനീയറിങ് വിസ്മയങ്ങളിലൊന്നായി അറിയപ്പെടുന്ന പാമ്പന്‍പാലം ഇനി സ്‌റ്റെയിന്‍ ലെസ് സ്റ്റീല്‍ ഭാഗങ്ങള്‍ ഉപയോഗിക്കുന്ന ആദ്യത്തെ റെയില്‍വേ പാലം കൂടിയായിരിക്കും. കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പാലത്തിന്റെ മാതൃക പങ്കുവച്ചു.

Read more about:
EDITORS PICK