കോക്കോനട്ടും ഇലക്ട്രോണിക്‌സും ചേര്‍ന്നാല്‍ ‘കോക്കോണിക്‌സ്’; കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പിന്റെ പേരിന് പിന്നില്‍

Asha February 11, 2019

കേരളത്തിന് സ്വന്തമായൊരു കമ്പ്യൂട്ടര്‍ എന്ന സ്വപ്‌നമാണ് കോക്കോണിക്‌സ് എന്ന് പേരിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. രാജ്യത്ത് പിപിപി മോഡലില്‍ നി!ര്‍മ്മിക്കപ്പെടുന്ന ആദ്യത്തെ ലാപ്‌ടോപ്പാണ് കേരളത്തിന്റെ സ്വന്തം കോക്കോണിക്‌സ്. യുവതലമുറയെ സംസ്ഥാനത്തിന്റെ സാങ്കേതിക വിദ്യാരംഗത്ത് എങ്ങനെ ഉപയോഗിക്കാം എന്നതിന് മറുപടിയാവുകയാണ്് കേരളത്തിന് സ്വന്തമായൊരു കമ്പ്യൂട്ടര്‍ എന്ന പദ്ധതി. ഗുണമേന്മയുള്ള ലാപ്‌ടോപ്പുകളും സെര്‍വറുകളും കേരളത്തില്‍തന്നെ നിര്‍മ്മിക്കാനുള്ള ‘കൊക്കോണിക്‌സ് ‘ എന്ന സംരംഭത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു.

അടുത്ത ഓണത്തിന് മലയാളികളുടെ കയ്യിലേക്ക് കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് എത്തുമെന്നാണ് സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ പറയുന്നത്. കോക്കോണിക്‌സ് എന്ന പേരിലെ പിന്നിലെ പ്രത്യേകതയും ശിവശങ്കര്‍ പറഞ്ഞു. പേര് നിര്‍ദ്ദേശിച്ച് അഭിപ്രായങ്ങള്‍ ക്ഷണിച്ചപ്പോള്‍ കിട്ടിയ പേരാണ് കോക്കോണിക്‌സ്. കോക്കോനട്ടും ഇലക്ട്രോണിക്‌സും ചേര്‍ന്നാല്‍ കോക്കോണിക്‌സ് എന്നാകും. കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പിന്റെ പേരിന് ഒരു വ്യത്യസ്ഥതയിരിക്കട്ടെ എന്നു കരുതിയാണ് കൊക്കോണിക്‌സ് ഉറപ്പിച്ചത്.

നാല്‍പ്പത് ശതമാനം ഘടകങ്ങളും ഇവിടെ തന്നെ നിര്‍മ്മിക്കുക, മെമ്മറിയും, പ്രോസസ്സറും അടക്കമുള്ള ബാക്കി 60 ശതമാനം ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് കേരളത്തില്‍ വച്ച് തന്നെ സംയോജിപ്പിക്കുക, ഇതാണ് കോക്കോണിക്‌സ് വിഭാവനം ചെയ്തത്. ഇലക്ട്രോണിക് ഉപകരണ നിര്‍മ്മാണത്തില്‍ സ്വയം പര്യാപ്തരാകേണ്ടത് അത്യാവശ്യമായ ഒരു സാഹചര്യത്തിലാണ് സംസ്ഥാനത്തിന് സ്വന്തം കമ്പ്യൂട്ടറുകളും സെര്‍വ്വറുകളും നിര്‍മ്മിക്കുക എന്ന ആശയത്തിലേക്ക് വരുന്നത്.

കോക്കോണിക്‌സ് ഒരിക്കലും കുട്ടികള്‍ക്ക് വേണ്ടിയുള്ള ലാപ്‌ടോപ്പ് അല്ലെന്നും സ്വന്തമായി ജോലി നേടി ആ ശമ്പളം കൊണ്ട് ലാപ്‌ടോപ്പ് വാങ്ങാന്‍ പോകുന്ന യുവാക്കളാണ് തങ്ങളുടെ ലക്ഷ്യമെന്നും സംസ്ഥാന ഐടി സെക്രട്ടറി പറയുന്നു. 39,000 രൂപയ്ക്കടുത്താണ് ലാപ്‌ടോപ്പിന്റെ് വില നിശ്ചയിച്ചിരിക്കുന്നത്. ഗവര്‍ണമെന്റ് ഓഫീസുകളിലായായിരിക്കും ആദ്യ ഘട്ടത്തില്‍ കോക്കോണിക്‌സ് എത്തുക. അടുത്ത ഓണത്തിന് മലയാളികളുടെ കൈയ്യിലേക്ക് കൊക്കോണിക്‌സ് ലാപ്‌ടോപ്പ് എത്തും.

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, ഇലക്ട്രോണിക് ഉല്‍പാദന രംഗത്തെ ആഗോള കമ്പനിയായ യുഎസ്ടി ഗ്ലോബലുമായി കൈകോര്‍ത്താണ് നൂതനമായ ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. കെഎസ്‌ഐഡിസി, ആക്‌സിലറോണ്‍ എന്നിവര്‍ കൂടി പങ്കാളികളായ പൊതുസ്വകാര്യ സംരംഭമാണ് ഇത്. ഇലക്ട്രോണിക് ഉപകരണ രംഗത്തെ പ്രമുഖരായ ഇന്റല്‍ കമ്പനിയുടെ മാര്‍ഗനിര്‍ദ്ദേശവും സാങ്കേതിക സഹായവും ഈ പദ്ധതിക്കുണ്ട്.

തിരുവനന്തപുരം മണ്‍വിളയിലെ കെല്‍ട്രോണ്‍ കേന്ദ്രത്തിലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളില്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് അനുയോജ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉല്‍പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രതിവര്‍ഷം രണ്ടുലക്ഷം ലാപ്‌ടോപ്പുകളുടെ ഉല്‍പാദനത്തിനുള്ള ശേഷി കൊക്കോണിക്‌സിനുണ്ട്.

ഇലക്ട്രോണിക് വ്യവസായരംഗത്തെ സംസ്ഥാന സര്‍ക്കാരിനെ സുപ്രധാനമായ ചുവടുവെപ്പായി ഈ സംരംഭം മാറും. വരാനിരിക്കുന്ന തലമുറയെ കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലേക്ക് കൊക്കോണിക്‌സിനെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. കൊക്കോണിക്‌സിന്റെ ആദ്യ നിര ലാപ്‌ടോപ്പുകള്‍ ഫെബ്രുവരി 11ന് ഡല്‍ഹിയില്‍ നടക്കുന്ന ഇലക്ട്രോണിക് മാനുഫാക്ചറിംഗ് സമ്മിറ്റില്‍ അവതരിപ്പിക്കും.

Tags:
Read more about:
EDITORS PICK