വ്യാജ പ്രചാരണത്തില്‍ വിശ്വസിച്ച് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തില്ല: മലപ്പുറത്ത് രണ്ട് കുട്ടികള്‍ക്ക് ഡിഫ്തീരിയ

arya antony February 11, 2019

മലപ്പുറം: വ്യാജ പ്രചാരണത്തില്‍ വിശ്വസിച്ച് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്തതിനെ തുടര്‍ന്ന് മലപ്പുറത്ത് രണ്ട് കുട്ടികള്‍ക്ക് ഡിഫ്തീരിയ സ്ഥീരികരിച്ചു. മഞ്ചേരിയിലും സമീപപ്രദേശമായ കുഴിമണ്ണയിലുമുള്ള കുട്ടികള്‍ക്കാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചത്. പതിനാലും പതിമൂന്നും വയസുള്ളവരാണിവര്‍. മലപ്പുറത്തെ ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരുടെ മാതാപിതാക്കളെ സമീപിച്ചപ്പോഴാണ് കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയിരുന്നില്ലെന്നറിയിച്ചത്.


പനിയും മൂക്കൊലിപ്പും മൂലം ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധയിലാണ് രോഗം സ്ഥിരീകരിച്ചത്. വാക്‌സിന്‍ വിരുദ്ധ പ്രചാരണം മൂലം നിരവധി ആളുകളാണ് പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കാതെയുള്ളത്. ഇങ്ങനെ കുത്തിവെപ്പ് എടുക്കാത്തത് മാതാപിതാക്കളുടെ തീരുമാനം കൊണ്ട് മാത്രമല്ലെന്നും ഇതിന് പിന്നില്‍ ബാഹ്യ ശക്തികളുണ്ടെന്നും മലപ്പുറം ഡെപ്യൂട്ടി ഡിഎംഒ ഡോ കെ മുഹമ്മദ് ഇസ്മായില്‍ പറയുന്നു.


2018ല്‍ 6 പേര്‍ക്കും 2017ല്‍ 31 പേര്‍ക്കും 2016ല്‍ 41 പേര്‍ക്കും ജില്ലയില്‍ ഡിഫ്തീരിയ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒരു വയസില്‍ താഴെയുള്ള 93 ശതമാനം കുട്ടികള്‍ക്കും കുത്തിവെയ്പ്പ് എടുത്തിരുന്നു.

Read more about:
EDITORS PICK