ബ്രീത്തിന്റെ രണ്ടാം ഭാഗത്തില്‍ അഭിഷേക് ബച്ചനൊപ്പം നിത്യാ മേനോന്‍

Julie Varghese February 11, 2019

നിത്യാ മേനേന്‍ വളരെയധികം സന്തോഷത്തിലാണ്. ബോളിവുഡ് നടന്‍ അഭിഷേക് ബച്ചനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുകയാണ് നടി നിത്യാ മേനോന്‍. ആമസോണ്‍ പ്രൈംമിന്റെ വെബ് സീരീസായ ബ്രീത്തിന്റെ രണ്ടാം സീസണിലാണ് ഇരുവരും ഒന്നിക്കുന്നത്. ബ്രീത്തിലേക്ക് നിത്യയെ സ്വാഗതം ചെയ്യുന്നതായി സംവിധായകന്‍ മായങ്ക് ശര്‍മ്മ പറഞ്ഞു.

താന്‍ നിത്യയുടെ സിനിമയുടെ ആരാധകനായിരുന്നെന്നും അതിനാല്‍ തന്നെ ബ്രീത്തിന്റെ രണ്ടാം സീസണിലേക്കുള്ള നിത്യയുടെ വരവില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അബന്‍ഡാന്റിയ എന്റര്‍ടെയിന്മെന്റിന്റെ ബാനറില്‍ വിക്രം മല്‍ഹോത്രയാണ് ബ്രീത്ത് നിര്‍മ്മിക്കുന്നത്. ഒരു സാധാരണ മനുഷ്യന്‍ അനുഭവിക്കേണ്ടി വരുന്ന ചില അസാധാരണ സാഹചര്യങ്ങളെയായിരുന്നു ആദ്യ സീസണ്‍ അവതരിപ്പിച്ചത്.


അതേസമയം താന്‍ അഭിനയിക്കുന്ന ആദ്യ ഡിജിറ്റല്‍ പരമ്പരയാണിതെന്നും താന്‍ ഇത് ഒരുപാട് ആസ്വദിക്കുന്നെന്നും നിത്യാ മേനോന്‍ വ്യക്തമാക്കുന്നു. ഒരുപാട് പ്രതീക്ഷയോടെയാണ് ഞാനിതിനെ നോക്കിക്കാണുന്നത്. എന്നെയും എന്റെ ജോലിയേയും പ്രദര്‍ശിപ്പിക്കാന്‍ വലിയൊരു ക്യാന്‍വാസാണ് ബ്രീത്ത് ഒരുക്കിത്തരുന്നതെന്നും എന്നിലെ അഭിനേത്രിയെ ഇത് വളരെയധികം തൃപ്തിപ്പെടുത്തുന്നുവെന്നും നിത്യാ മേനോന്‍ പറഞ്ഞു. വിക്രം തൂലി, ഭവാനി അയ്യര്‍, അര്‍ഷാദ് സെയ്ദ് എന്നിവര്‍ക്കൊപ്പം ബ്രീത്തിന്റെ തിരക്കഥാ രചനയില്‍ മായങ്കും ഭാഗമാകുന്നുണ്ട്. ബ്രീത്തിന്റെ ഒന്നാം സീസണില്‍ മാധവനും അമിത് സാധും സപ്നാ പബ്ബിയുമായിരുന്നു അഭിനയിച്ചിരുന്നത്.

Read more about:
EDITORS PICK