കലാഭവൻ മണിയുടെ മരണം; നുണപരിശോധന നടത്താൻ കോടതിയുടെ അനുമതി

Pavithra Janardhanan February 12, 2019

കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുടെ നുണപരിശോധനക്ക് കോടതിയുടെ അനുമതി. നടന്മാരായ ജാഫർ ഇടുക്കി, സാബുമോന്‍ എന്നിവരടക്കമുള്ള ഏഴ് പേരുടെ നുണ പരിശോധനക്കാണ് എറണാകുളം സി.ജെ.എം കോടതി അനുമതി നല്‍കിയത്.

ചോദ്യം ചെയ്യലില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കുന്നതിന് നുണപരിശോധന നടത്തണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു.

കലാഭവൻ മണിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ശരീരത്തിനുള്ളിൽ വിഷാംശം ഉണ്ടെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. തുടർന്ന് സുഹൃത്തുക്കളെ ചോദ്യം ചെയ്തു. ഇവര്‍ നല്‍കിയ മൊഴി ശാസ്ത്രീയമായി തെളിയിക്കുന്നതിന്‍റെ ഭാഗമായാണ് നുണപരിശോധന നടത്തണമെന്ന ആവശ്യം സി.ബി.ഐ ഉന്നയിച്ചത്.

നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് ജാഫർ ഇടുക്കിയടക്കം മണിയുടെ ഏഴ് സുഹൃത്തുക്കൾ കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ നൽകിയ പരാതിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് സി.ബി.ഐക്ക് കൈമാറിയത്.

Read more about:
EDITORS PICK