സാങ്കേതിക തകരാര്‍; ജീപ്പ് കോംപസ് എസ്‌യുവികളെ തിരികെ വിളിക്കുന്നു

Sebastain February 25, 2019

ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ 2017 ജൂലൈ 31ന് വിപണിയിലിറങ്ങിയ ജീപ്പ് കോംപസ് എസ്‌യുവികളെ തിരികെ വിളിക്കുന്നതായി റിപ്പോര്‍ട്ട്. 2017 ഡിസംബര്‍ 18 -നും 2018 നവംബര്‍ 30-നും ഇടയില്‍ നിര്‍മിച്ച 11,002 കോംപസ് ഡീസല്‍ മോഡല്‍ എസ്.യു.വികളെയാണ് തിരികെ വിളിക്കുന്നത്. ഡീസല്‍ മോഡലുകളില്‍ എമിഷന്‍ പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചു വിളിക്കല്‍ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിശോധന ആവശ്യമുള്ള വാഹന ഉടമകളെ ഡീലര്‍മാര്‍ വരുംദിവസങ്ങളില്‍ നേരിട്ടു വിവരം അറിയിക്കും.

വാഹനത്തിന്റെ തകരാറുകള്‍ സൗജന്യമായി പരിഹരിച്ചു നല്‍കും. പുതിയ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ഉപയോഗിച്ച് ഇസിയു റീപ്രോഗ്രാം ചെയ്യുമ്പോള്‍ എമിഷന്‍ പ്രശ്‌നം പരിഹരിക്കപ്പെടും. എമിഷന്‍ പ്രശ്‌നം പരിസ്ഥിതിക്ക് ഭീഷണി ഉയര്‍ത്തില്ലെന്നും ആശങ്ക വേണ്ടെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.
2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍, 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുകളാണ് വാഹനത്തിന്റെ സവിശേഷത. 3750 ആര്‍പിഎമ്മില്‍ 173 പിഎസ് കരുത്തും 1750 മുതല്‍ 2500 വരെ ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുമ്പോള്‍ 162 എച്ച് പി വരെ കരുത്തും 250 എന്‍ എം വരെ ടോര്‍ക്കും പെട്രോള്‍ എന്‍ജിന്‍ സൃഷ്ടിക്കും. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. ഡീസല്‍ എന്‍ജിനു ലീറ്ററിന് 17.1 കീമിയും പെട്രോളിനു 17.1 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. എബിഎസ്, എയര്‍ബാഗ്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ടിസിഎസ് തുടങ്ങി ഇരുപതോളം സുരക്ഷാസന്നാഹങ്ങളും വാഹനത്തിനുണ്ട്. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.

Tags: ,
Read more about:
EDITORS PICK