ഓട്ടോയുടെ പിന്നിലിടിച്ച ബലേനോ തവിടുപൊടി; പോറല്‍ പോലും ഏല്‍ക്കാതെ ഓട്ടോ; വിഡിയോ വൈറല്‍

Sebastain March 5, 2019

ഓട്ടോറിക്ഷയ്ക്കാണോ മാരുതിയുടെ ജനപ്രിയ വാഹനം ബലേനോ കാറിനാണോ കരുത്ത് കൂടുതല്‍. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വിഡിയോ കണ്ടാല്‍ കണ്ണുമടച്ച് പറയാം ഓട്ടോറിക്ഷയ്ക്ക് തന്നെ. ഇന്‍ഡിക്കേറ്റര്‍ ഇടാതെ പെട്ടെന്ന് ഇടത്തേക്ക് എടുത്ത ഒരു ഓട്ടോറിക്ഷയുടെ പിന്നില്‍ ബലേനോ ഇടിക്കുന്നതാണ് വീഡിയോ.
ഇടിയുടെ ആഘാതത്തില്‍ ബലേനോയുടെ ബോണറ്റും ബംബറും ഉള്‍പ്പെടെ തകര്‍ന്ന് തരിപ്പണമായപ്പോള്‍, ഓട്ടോയുടെ പുറകുവശത്ത് നേരിയ ചളുക്ക് മാത്രമാണ് ഉണ്ടായത്. ഓട്ടോറിക്ഷയിലെ യാത്രക്കാരില്‍ ഒരാള്‍ താഴെ വിണെങ്കിലും അപ്പോഴേക്കും കാര്‍ നിന്നതിനാല്‍ അപകടവും സംഭവിച്ചില്ല.


ഹൈവേയിലൂടെ അതിവേഗതയില്‍ എത്തി ബലേനോ പെട്ടെന്ന് ഓട്ടോ ഇടത്തേക്ക് തിരിഞ്ഞതോടെ പിന്നില്‍ വന്ന് ഇടിക്കുകയായിരുന്നു. കാറിന്റെ ഡാഷ് ക്യാമില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വിഡിയോ വൈറലായതോടെ ബലേനോ ഉടമസ്ഥര്‍ ശരിക്കും ഞെട്ടിയിരിക്കുകയാണ്. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലുകളിലൊന്നായ ബലേനോയുടെ പുതിയ പതിപ്പ് അടുത്ത കാലത്താണ് വിപണിയിലെത്തിയത്.

പുതിയ ബലേനോ പെട്രോള്‍ പതിപ്പിന് 5.45 ലക്ഷം രൂപ മുതല്‍ 8.77 ലക്ഷം വരെയും ഡീസലിന് 6.60 ലക്ഷം മുതല്‍ 8.60 ലക്ഷം രൂപ വരെയുമാണ് ദില്ലി എക്സ്ഷോറൂം വില. 83 ബിഎച്ച്പി കരുത്തേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 74 ബിഎച്ച്പി കരുത്തേകുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ബലേനോയുടെ ഹൃദയം.

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് റെസ്ട്രിയന്റ് സിസ്റ്റം, ഫോഴ്സ് ലിമിറ്റര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നീ സുരക്ഷാ സംവിധാനങ്ങളും പുതിയ വാഹനത്തിലുണ്ട്.

മുമ്പ് സ്വീഡിഷ് നിര്‍മ്മാതാക്കളായ വോള്‍വോയുടെ XC 60 എസ്‌യുവിയുടെ പിന്നിലിടിച്ച ബലേനോയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അന്ന് ബലേനോ പിന്നില്‍ പിന്നിലിടിച്ച കാര്യം വോള്‍വോ അറിഞ്ഞില്ലെന്ന് മാതമല്ല, മാരുതിയുടെ കാര്‍ തരിപ്പണമാകുകയും ചെയ്തു.

Tags:
Read more about:
EDITORS PICK