ചിക്കൻ പോക്സും തെറ്റിദ്ധാരണകളും; ഡോക്ടർ പറയുന്നു

Pavithra Janardhanan March 5, 2019

വായു വഴി പകരുന്ന ഒരു വൈറസ് രോഗമാണ് ചിക്കൻപോക്സ്. വാരിസെല്ലസോസ്റ്റർ‍ (Varicella zoster)എന്ന വൈറസ് ആണ് ഈ രോഗത്തിന് കാരണം. അസൈക്ലോവീർ‍ എന്ന ആന്റിവൈറൽ‍ മരന്ന് രോഗാരംഭം മുതൽ‍ ഉപയോഗിക്കുന്നത് രോഗം വേഗത്തിൽ‍ ഭേദമാകുവാനും രോഗതീവ്രതയും സങ്കീർണ്ണതകളും കുറയ്ക്കുവാനും സഹായിക്കും.

ഡോക്ടർ ഷിനു ശ്യാമളന്റെ കുറിപ്പ് വായിക്കാം

ചിക്കൻ പോക്സും തെറ്റിദ്ധാരണകളും

ചിക്കൻ പോക്സ് ഇപ്പോൾ കൂടുതലായി കണ്ടുവരുന്നു. ഈ ആഴ്ച്ചയിൽ തന്നെ 4,5 കേസുകൾ ഒ.പി യിൽ കാണുകയുണ്ടായി. ഇന്ന് വന്ന രോഗിയുടെ ചിത്രമാണ് താഴെ(അദ്ദേഹത്തിന് രോഗം വന്നിട്ട് ഒരാഴ്ച്ചയായതിനാൽ കുരുക്കൾ പൊട്ടിയിട്ടുണ്ട്.)

വാരിസല്ല എന്ന വൈറസ് മൂലമാണ് ചിക്കൻ പോക്സ് ഉണ്ടാകുന്നത്. പനി, തലവേദന വിശപ്പില്ലായ്മ അനുഭവപ്പെടാം. ദേഹത്തു വെള്ളം നിറഞ്ഞ കുമിളകൾ പോലെയുള്ള തടിപ്പുകൾ കാണാം. പനിയോടൊപ്പം അത്തരം തടിപ്പുകൾ കണ്ടാൽ തീർച്ചയായും ഡോക്ടറെ കാണണം.

ചിക്കൻ പോക്സ് വന്ന ഒരു രോഗിയിൽ നിന്നും 10-21 ദിവസത്തിന് ശേഷം ഈ രോഗം അയാളുമായി ഇടപഴകിയ മറ്റൊരാളിൽ കാണാം. പകരുവാൻ സാധ്യതയേറിയ ഒരു രോഗമാണിത്.

കുരുക്കൾ വരുന്നതിന് രണ്ടു ദിവസം മുൻപും, അവ പൊട്ടിയതിന് 4-5 ദിവസത്തിന് ശേഷവും അയാളിൽ നിന്ന് രോഗം പകരാം.

ഒ.പി യിൽ ചിക്കൻ പോക്സിനെ കുറിച്ചു ആളുകൾ പറയുന്ന രസകരമായ കുറെ തെറ്റിദ്ധാരണകൾ ഉണ്ട്.അവ നമുക്ക് തിരുത്താം.

1. ചിക്കൻ പോക്സ് വന്നാൽ കഞ്ഞി മാത്രമേ കഴിക്കാവു എന്നത് തെറ്റാണ്. കഴിഞ്ഞ ദിവസം അത്തരം ഒരാളെ ഒ.പി യിൽ കാണുകയും അദ്ദേഹതിന്റെ 5 കിലോ രണ്ടാഴ്ച്ച കൊണ്ട് കുറയുകയും ചെയ്തു. എല്ലാ ഭക്ഷണവും കഴിക്കാം. ചിക്കൻ പോക്സ് വന്ന ഒരാളെ പട്ടിണിയിടേണ്ട ആവശ്യമില്ല. വെള്ളവും,പച്ചക്കറികളും, പഴങ്ങളും ധാരാളമായി കൊടുക്കുക. എല്ലാം കഴിക്കാം.

2. ചിക്കൻ പോക്സ് വന്നാൽ കുളിക്കരുത് എന്നതിന്റെ ആവശ്യമില്ല. 
കുളിക്കാം. ദേഹത്തു വന്ന കുരുക്കൾ പൊട്ടി പഴുക്കാതെ നോക്കിയാൽ മതി. കുളിക്കുന്നതിൽ ഒരു കുഴപ്പവുമില്ല.

3. ചിക്കൻ പോക്സ് വന്നാൽ ഫലപ്രദമായ മരുന്നില്ല എന്നത് തെറ്റാണ്. കുത്തിവെപ്പ് 1.5 വയസുള്ള കുട്ടി മുതൽ മുതിർന്നവർക്ക് വരെ എടുക്കാം. രണ്ട് ഡോസാണ് കുത്തിവെപ്പ്. സർക്കാർ ആശുപത്രിയിൽ ലഭ്യമല്ല. സ്വകാര്യ ആശുപത്രിയിൽ ഏതാണ്ട് 2000 രൂപ വരുമെന്നതിനാൽ സാധാരണക്കാരന് ഈ കുത്തിവെപ്പ് എടുക്കുവാൻ ബുദ്ധിമുട്ടുണ്ട്.

4. ചിക്കൻ പോക്സ് വന്ന ആൾക്ക് അസൈക്ലോവീർ എന്ന ഗുളിക കഴിച്ചാൽ ചിക്കൻ പോക്സ് സങ്കീർണതകളില്ലാതെ മാറിയേക്കാം. കുരുക്കൾ പൊങ്ങുമ്പോൾ തന്നെ അവ കഴിച്ചു തുടങ്ങുക. കൂടെ പനിയുടെ ഗുളികയും കഴിക്കുക. ചൊറിച്ചിൽ മറ്റും ഉണ്ടെങ്കിൽ ലോഷൻ ഉപയോഗിക്കാം.
ലക്ഷണങ്ങൾ അനുസരിച്ചു ചികിൽസിക്കാം. ഡോക്ടറെ കണ്ടു മാത്രം ചികിത്സ തേടുക. ചിക്കൻ പോക്സ് അത്ര നിസ്സാരകാരൻ അല്ല.

5. ചിക്കൻ പോക്സ് വന്നാൽ ആവശ്യമായ വിശ്രമം എടുക്കുക. മറ്റുള്ളവർക്ക് പകരാതെയിരിക്കുവാൻ കുരുക്കൾ വന്നത് മുതൽ അവ പൊട്ടിയത് ശേഷവും 4,5 ദിവസം വീട്ടിൽ തന്നെയിരിക്കുക.

6. കുത്തിവെപ്പ് എടുത്തയാൾക്ക് ചിക്കൻ പോക്സ് വരാൻ ചെറിയ സാധ്യതയുണ്ട്. പക്ഷെ വന്നാൽ തന്നെ ചെറിയ രീതിയിലെ വരു. ഒരാൾക്ക് ചിക്കൻ പോക്സ് വന്നാൽ, അയാളുമായി അടുത്തു ഇടപഴകിയ ആൾ 72 മരിക്കൂറിനുള്ളിൽ കുത്തിവെപ്പ് എടുക്കുന്നതാണ് നല്ലത്. 5 ദിവസത്തിനുള്ളിൽ എടുത്താലും മതി. രോഗം മൈൽഡായിട്ടെ വരെ.

7.ഒരിക്കൽ ചിക്കൻ പോക്സ് വന്നാൽ പിന്നീട് ജീവിതകാലം മുഴുവൻ പ്രതിരോധശേഷി തരാറുണ്ട്. പിന്നീട് അതേ വ്യക്തിയ്ക്ക് shingles എന്ന തരം അസുഖം വരാം. ദേഹത്തെ ചില ഭാഗങ്ങളിൽ ധാരാളമായി കുമിളകൾ പോലത്തെ കുരുക്കൾ പൊങ്ങുക. അസഹനീയമായ വേദന അനുഭവപ്പെടാം. അത് പകരില്ല. Shingles എന്ന രോഗം പകരില്ല പക്ഷെ shingles വന്ന ആളിൽ നിന്ന് മറ്റൊരാൾക്ക് ചിക്കൻ പോക്സ് വരാം.

8.കുട്ടികൾക്ക് കൊടുക്കുന്ന കുത്തിവെപ്പിൽ സർക്കാർ ആശുപത്രിയിൽ ഇവ ഇല്ല. ചിക്കൻ പോക്സിന്റെ കുത്തിവെപ്പ് സ്വാകാര്യ ആശുപത്രിയിൽ മാത്രമേ ലഭ്യമുള്ളു.

Read more about:
EDITORS PICK