മരുന്നുകളില്‍ പ്രിന്റര്‍ മഷിയും, എലിവിഷവും: വ്യാജ മരുന്നുകള്‍ സുലഭം

Sruthi March 12, 2019
medicine

വ്യാജ മരുന്നുകള്‍ വ്യാപകമാകുന്നു. മരുന്നുകളില്‍ എലിവിഷവും പ്രിന്റര്‍ മഷിയും ഉപയോഗിക്കുന്നുവെന്നാണ് വിവരം. മരുന്നുകള്‍ക്കെതിരെ മുന്‍കരുതലുകളെടുക്കാനും നിയന്ത്രിക്കാനും അടിയന്തിര നടപടികളെടുക്കാന്‍ ഭരണകൂടങ്ങളോട് ആവിശ്യപ്പെടാനൊരുങ്ങി ഡോക്ടര്‍മാര്‍ രംഗത്തെത്തി.

വ്യാജമരുന്നുകള്‍ ഉള്ളില്‍ ചെന്ന് ഓരോ വര്‍ഷവും നിരവധി പേര്‍ മരിക്കുന്ന സാഹചര്യത്തിലാണ് നിയമ നിര്‍മ്മാണവും ശിക്ഷകളും കുറച്ചുകൂടി ശക്തമാക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. 25000ല്‍ പരം കുഞ്ഞുങ്ങളാണ് ന്യൂമോണിയയ്ക്കും മലേറിയയ്ക്കുമായി വിപണിയിലിറങ്ങുന്ന വ്യാജമരുന്നുകള്‍ കഴിച്ച് കഴിഞ്ഞ വര്‍ഷം മരിച്ചത്. എലിവിഷവും പ്രിന്റര്‍ മഷിയുമുള്‍പ്പടെ അപകടകരമായ പല രാസപദാര്‍ഥങ്ങളും അടങ്ങിയ വ്യാജമരുന്നുകളാണ് വിപണിയില്‍ എത്തുന്നത്.

മിക്കവ്യാജ മരുന്നുകളും നിര്‍മ്മിക്കുന്നത് ചൈനയിലും ഇന്ത്യയിലുമാണ്. മഞ്ഞപ്പിത്തത്തിനും ഹെപറ്റൈറ്റിസിനും പരിഹാരമെന്ന പേരില്‍ വിപണിയിലിറങ്ങുന്ന മിക്ക മരുന്നുകളും അപകടകാരികളാണെന്ന് തിരിച്ചറിയണം.

വ്യാജ വാക്‌സിനുകളാണ് മറ്റൊരു വില്ലന്‍. മിക്ക രാജ്യങ്ങളിലെയും നിയമങ്ങള്‍ ശക്തമല്ലാത്തതു കൊണ്ട് തന്നെ വ്യാജ മരുന്നുകള്‍ നിര്‍മ്മിക്കുന്ന മാഫിയകള്‍ക്ക് ഒരു കുഴപ്പവുമില്ലാതെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കാം. യഥാര്‍ത്ഥ മരുന്നേത്, വ്യാജമരുന്നേത് എന്ന് തിരിച്ചറിയാന്‍ കഴിയാതെ തല്‍ക്കാല ആശ്വാസത്തിനായി ഏതെങ്കിലും മരുന്നുകള്‍ വാങ്ങുന്ന സാധാരണ ജനങ്ങളാണ് അപകടത്തില്‍ പെടുന്നത്.

കുഞ്ഞുങ്ങളാണ് ഈ വിഷമരുന്നുകളുടെ പ്രധാന ഇരകള്‍. അഥവാ പിടിക്കപ്പെട്ടാലും നിസ്സാരമായ ശിക്ഷയോ പിഴയോ മാത്രമേ ഈ മാഫിയകള്‍ക്ക് വിധിക്കുന്നുമുള്ളൂ. കുറ്റം കണ്ടുപിടിക്കപ്പെട്ടാല്‍ വെറുതെ അവരെ കയ്യില്‍ ഒരു അടി കൊടുത്ത് വിട്ടയയ്ക്കും, പക്ഷെ ഇവിടെ പതിനായിരങ്ങളാണ് ഇവര്‍ നിര്‍മ്മിക്കുന്ന വിഷം കഴിച്ച് ഓരോ വര്‍ഷവും മരിക്കുന്നത്. രോഷം അടക്കാനാകാതെയാണ് യു എസ്സില്‍ നിന്നുള്ള ശാസ്ത്രജ്ഞന്‍ ജോയല്‍ ബ്രെമ്മന്‍ ഗാര്‍ഡിയനോട് ഇത് പറയുന്നത്.

വ്യാജ മരുന്നുകള്‍ മാത്രമല്ല യഥാര്‍ത്ഥ മരുന്നുകള്‍ തന്നെ ഗുണമേന്മയില്ലാതെ നിര്‍മ്മിക്കുന്നതും ശ്രദ്ധയില്ലാതെ പാക്ക് ചെയ്യുന്നതും അപകടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ശ്രദ്ധയില്ലാതെ നിര്‍മ്മിക്കുന്ന മിക്കവാറും മരുന്നുകളും ഉദ്ദേശിച്ച ഫലങ്ങളോ രോഗത്തിന് ശമനമോ വരുത്തുന്നില്ലെന്നു മാത്രമല്ല ഭീകര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

Read more about:
EDITORS PICK