ബാലാക്കോട്ടില്‍ നിന്നും നിരവധി മൃതദേഹങ്ങള്‍ നീക്കം ചെയ്തെന്ന് പാക്ക് ആക്ടിവിസ്റ്റ്

Sebastain March 13, 2019

ഇസ്ലാമാബാദ്: ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന് ശേഷം ബാലാക്കോട്ടില്‍ നിന്നും നിരവധി മൃതദേഹങ്ങള്‍ എടുത്തുമാറ്റിയതായി പാക് ആക്ടിവിസ്റ്റിന്‍റെ വെളിപ്പെടുത്തല്‍. ബാലാക്കോട്ടില്‍ നിന്നും ഖൈബര്‍ പക്തുവ മേഖലയിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോയതായി ഉറുദു പത്രം റിപ്പോര്‍ട്ട് ചെയ്തതായാണ് പാക് ആക്ടിവിസ്റ്റായ സെന്‍ജ് ഹസന്‍ സെറിംഗ് എന്ന ഗില്‍ജിസ് സ്വദേശി യുഎസില്‍ നിന്ന് ട്വിറ്ററില്‍ കുറിച്ചത്.


ഇരുന്നൂറിലധികം ഭീകരരെങ്കിലും ഇന്ത്യന്‍ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. ബലാക്കോട്ടില്‍ നടന്ന സംഭവങ്ങള്‍ പാക്കിസ്ഥാന്‍ മറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സെന്‍ജ് പറഞ്ഞു. എന്തുകൊണ്ടാണ് ബലാക്കോട്ടിലേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിക്കാത്തതെന്നും ചോദിച്ചു. മറച്ചുവയ്ക്കാന്‍ പലതുമുണ്ടെന്നതാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കുറിച്ചു.
പാക് സൈനിക ഉദ്യോഗസ്ഥര്‍ കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന വിഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന്‍റെ ആധികാരിതയെക്കുറിച്ച് ഉറപ്പില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സെന്‍ജ് വ്യക്തമാക്കി.
എത്രപേര്‍ ബലാക്കോട്ടില്‍ കൊല്ലപ്പെട്ടന്ന ചോദ്യത്തിന് കേന്ദ്രം മറുപടി നല്‍കാത്തത് എന്തുകൊണ്ടെന്ന് പ്രതിപക്ഷത്തെ പ്രമുഖ പാര്‍ട്ടികള്‍ ചോദിച്ചിരുന്നു. പാക്കിസ്ഥാനാകട്ടെ ആളില്ലാത്ത മേഖലയിലാണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന വാദത്തിലാണ്. അതിനിടയിലാണ് ഇന്ത്യയുടെ അവകാശവാദത്തെ ശരിവയ്ക്കുന്ന വിവരങ്ങള്‍ പങ്കുവച്ച് പാക്കിസ്ഥാന്‍ ആക്ടിവിസ്റ്റ് രംഗത്തെത്തിയത്.

Read more about:
EDITORS PICK