മായം കലര്‍ന്ന സമ്പാര്‍പൊടി ഇനി വേണ്ട, ശുദ്ധമായ സാമ്പാര്‍ പൗഡര്‍ എളുപ്പത്തില്‍ ഉണ്ടാക്കാം

സ്വന്തം ലേഖകന്‍ March 22, 2019
sambar powder

കറി പൗഡറുകള്‍ മിക്കവരും പായ്ക്കറ്റുകളിലുള്ളതാണ് വാങ്ങി ഉപയോഗിക്കാറ്. മായം കലര്‍ന്ന പൊടികള്‍ വേണ്ടെന്ന് വയ്ക്കാം. വീട്ടില്‍ നിന്നുതന്നെ ശുദ്ധമായതു തയ്യാറാക്കാം. സാമ്പാര്‍ പൗഡര്‍ വീട്ടില്‍ നിന്നുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇങ്ങനെ ഉണ്ടാക്കുന്ന പൊടി കൊണ്ട് സാമ്പാര്‍ വെച്ചാല്‍ പ്രത്യേക രുചിയും ലഭിക്കും.

കടകളില്‍ നിന്നും നമ്മള്‍ പൊടികള്‍ വാങ്ങുമ്പോള്‍ നിര്‍മാതാക്കള്‍ അവരുടെ ലാഭത്തിനുവേണ്ടി പല കൃത്രിമ വസ്തുക്കളും അതില്‍ ചേര്‍ക്കുകയും അതുമൂലം അതുപയോഗിച്ചു സാമ്പാര്‍ തയാറാക്കുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന രുചി അതിന് കിട്ടാതിരിക്കുകയും ചെയുന്നു .ഇതിന് ഒരേയൊരു പരിഹാരം നമുക്ക് ആവശ്യമായ മസാലക്കൂട്ടുകള്‍ വീട്ടില്‍ത്തന്നെ തയാറാക്കുക എന്നതാണ്.

ആവശ്യമായ സാധനങ്ങള്‍

മല്ലി-അര കപ്പ്
ചുവന്ന മുളക്-15
ഉലുവ-1 ടീ സ്പൂണ്‍
കടലപ്പരിപ്പ്-1 ടേബിള്‍ സ്പൂണ്‍
ഉഴുന്നു പരിപ്പ്-1 ടേബിള്‍ സ്പൂണ്‍
കായം-1 കഷ്ണം
കറിവേപ്പില-രണ്ടു തണ്ട്
ജീരകം-അര ടീ സ്പൂണ്‍

തയ്യാറാക്കുന്നവിധം
ഒരു ചീനച്ചട്ടി ചൂടാക്കണം. ഇതിലേക്ക് മല്ലി, കടലപ്പരിപ്പ്, ഉഴുന്നു പരിപ്പ്, ജീരകം എന്നിവയിട്ടു വറുത്തെടുക്കണം. ഇത് നീക്കി വയ്ക്കുക. അല്‍പം വെളിച്ചെണ്ണയൊഴിച്ച് കായം വറുത്തെടുക്കാം. ഇത് ഒരുവിധം പാകമാകുമ്പോള്‍ ഇതിലേക്ക് ഉലുവയിട്ടു വറുത്തെടുക്കുക. ഇത് മാറ്റി വയ്ക്കാം. പിന്നീട് ചുവന്ന മുളക് ഇതേ രീതിയില്‍ വറുത്തെടുക്കാം.

കറിവേപ്പിലയും നല്ലപോലെ വറുക്കുക. തണുത്തു കഴിയുമ്പോള്‍ എല്ലാ മസാലകളും ചേര്‍ത്ത് നല്ലപോലെ പൊടിച്ചെടുക്കാം. ഇത് ചൂടാറിയ ശേഷം ഒരു ടിന്നിലിട്ട് അടച്ചു വയ്ക്കുക. സാമ്പാറുണ്ടാക്കുമ്പോള്‍ റെഡിമെയ്ഡ് പൊടികള്‍ക്ക് പകരം ഇത് ഉപയോഗിച്ചു നോക്കൂ. സാമ്പാറിന് നല്ല നാടന്‍ രുചി ലഭിയ്ക്കുന്നത് രുചിച്ചറിയാം. മേമ്പൊടി സാമ്പാര്‍ പൊടിയുണ്ടാക്കുമ്പോള്‍ മല്ലിയും മുളകും നല്ലപോലെ വറുക്കണം. മുഴുവന്‍ കായം ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് വറുത്ത് വേറെ പൊടിച്ചെടുക്കാന്‍ ശ്രദ്ധിയ്ക്കുക.

Read more about:
EDITORS PICK