ചൂട് കഠിനമായാല്‍ വാഹനങ്ങളും കേടാകാം, ചൂടില്‍ നിന്ന് സംരക്ഷിക്കാനുള്ള പൊടിക്കൈകള്‍

Sruthi March 23, 2019
car-problem

ചൂട് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും മരങ്ങള്‍ക്കും മാത്രമല്ല പ്രശ്‌നം. വാഹനങ്ങള്‍ക്കും ചൂട് ഒരു അപകടകാരി തന്നെയാണ്. മഴയും വെയിലും ഒരു പോലെ ഹാനികരമാണു കാറിന്. കാറിന്റെ ബാഹ്യ രൂപഭംഗി, എടുപ്പ്, നിറം എന്നിവയെ വേനല്‍ചൂട് സാരമായി ബാധിക്കും. എന്‍ജിനും വളരെയേറെ ദോഷകരമാണു വേനല്‍ചൂട്. ഏറെനേരം വെയില്‍ കൊള്ളുന്ന ഒരു വാഹനത്തിന്റെ അകത്തെയും സമീപത്തെയും ചൂട് 60 ഡിഗ്രി വരെയാകാം.

സ്ഥിരമായി വെയിലേല്‍ക്കുന്നതു വാഹനത്തിന്റെ ക്ഷമതയെ ബാധിക്കുന്നു. കാലപഴക്കം ചെന്ന പ്രതീതി ലഭിക്കാനും ഇതു കാരണമാകും. വളരെ നന്നായി പരിപാലിച്ചില്ലെങ്കില്‍ പെട്ടെന്നു തന്നെ കേടുവരാം. വേനലില്‍ കാറിനെ സംരക്ഷിക്കാനുള്ള ചില പൊടിക്കൈകള്‍ നോക്കാം.

ടയറുകള്‍
ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണു ടയറുകള്‍. കൃത്യമായ അളവില്‍ വായു നിറയ്ക്കുന്നതില്‍ ശ്രദ്ധചെലുത്താതെ കാര്‍ ഉപയോഗിക്കുന്നതു ടയറുകള്‍ വേഗം നശിക്കുന്നതിനും അപകടത്തിനും കാരണമായേക്കാം. പലര്‍ക്കും ഇന്നും മുന്‍ചക്രത്തിലും പിന്‍ചക്രത്തിലും നിറയ്‌ക്കേണ്ട വായുവിന്റെ അളവു കൃത്യമായി അറിയില്ല. കൃത്യമായ ഇടവേളകളില്‍ ടയറിന്റെ പ്രഷര്‍ കൃത്യമാണെന്നുറപ്പു വരുത്തേണ്ടതുണ്ട്. പ്രത്യേകിച്ചും വേനല്‍ക്കാലത്ത്. വായുവിന്റെ കുറവു ടയറുകളെ വേഗത്തില്‍ നശിപ്പിക്കും. ടയര്‍ പൊട്ടിത്തെറിക്കുന്നതിനും ഇതു കാരണമാകാം. പുറത്തെ കാലാവസ്ഥയനുസരിച്ചു ടയറിന്റെ പ്രഷര്‍ പെട്ടെന്നു മാറ്റം സംഭവിച്ചേക്കാം. 10 ഡിഗ്രി ചൂടിനു ഒരു പിഎസ് ഐ എന്ന നിലയില്‍ ടയറിലെ പ്രഷര്‍ കുറയുന്നു.

എയര്‍ കണ്ടീഷന്‍
വേനലില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ഭാഗമാണ് എയര്‍ കണ്ടീഷനര്‍. കംപ്രസര്‍ ഓയില്‍ കൃത്യമായ ഇടവേളകളില്‍ മാറ്റുക, കൂളന്റ് ചോര്‍ച്ച പരിശോധിക്കുക, ഏസിക്കുള്ളില്‍ കടക്കുന്ന പൊടിപടലങ്ങള്‍ വൃത്തിയാക്കുക തുടങ്ങിയവയിലൂടെ ഏസിയുടെ ആയുസ് വര്‍ധിപ്പിക്കുക മാത്രമല്ല മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനാകും.
അടച്ചിട്ടിരിക്കുന്ന കാറിനുള്ളില്‍ പുറത്തെ ഊഷ്മാവിലും 10 ഡിഗ്രി വരെ ചൂടു കൂടുതലാകാം. ഇതിനനുസരിച്ചു കൂളാകാന്‍ സമയം കൂടുതലെടുക്കും. ഏസി ഓണാക്കുന്നതിനു മുന്‍പായി അല്‍പസമയം ഗ്ലാസ് വിന്‍ഡോകള്‍ താഴ്ത്തി പുറത്തെ താപനിലയുമായി ഏകദേശം തുല്യ താപനില കാറിനുള്ളില്‍ ആണെന്നുറപ്പു വരുത്തുക. തുടക്കത്തില്‍ ഫുള്‍ ഫാന്‍ മോഡില്‍ ഏസി ഓണാക്കിയതിനു ശേഷം വിന്‍ഡോസ് അടയ്ക്കുക. ഇതിലൂടെ വാഹനത്തിനുള്ളിലെ ചൂടായ വായു എളുപ്പത്തില്‍ പുറന്തള്ളുവാന്‍ സാധിക്കും. വെയിലില്‍ പാര്‍ക്കു ചെയ്യുമ്പോള്‍ ഗ്ലാസ് അരയിഞ്ചു തുറന്നു വെയ്ക്കുന്നതും കാറിനുള്ളിലെ താപനില പുറത്തെ താപനിലയ്ക്കു സമാനമായി നിലനിര്‍ത്തും.

റേഡിയേറ്റര്‍, ഫ്‌ലൂയിഡുകള്‍
കൂളന്റിന്റെ അഭാവവും കുറവും കാറിനു ദോഷകരമാണ്, പ്രത്യേകിച്ചും വേനല്‍ക്കാലത്ത്. കാര്‍ പണിമുടക്കുന്നതിനു പ്രധാന കാരണവും ഇതാണ്. അതിനാല്‍ വേനല്‍ തുടങ്ങുന്നതിനു മുന്‍പായി കൂളന്റ് നിര്‍ദ്ദേശിച്ചിരിക്കുന്ന അളവിലുണ്ടെന്ന് ഉറപ്പുവരുത്തുക. മൂന്നുവര്‍ഷത്തിലധികം പഴക്കമുള്ള കാര്‍ ഉപയോഗിക്കുന്നവര്‍ റേഡിയേറ്ററും പരിശോധിച്ച് ചോര്‍ച്ചയൊന്നും ഇല്ലെന്നുറപ്പു വരുത്തുക. വിലകുറഞ്ഞ കൂളന്റിന്റെ ഗുണനിലവാരം മോശമാവാന്‍ സാധ്യതയുണ്ടെന്നതിനാല്‍ നല്ല കൂളന്റ് തന്നെ ഉപയോഗിക്കുക

എന്‍ജിന്‍, ട്രാന്‍സ്മിഷന്‍ ഓയില്‍
വേനല്‍ ചൂടേറ്റ് എന്‍ജിന്‍ ഓയില്‍ വേഗം തീരുന്നു. അല്‍പം പണം ലാഭിക്കുന്നതിനായി രണ്ടാംതരം എന്‍ജിന്‍ ഓയിലുപയോഗിക്കുന്നവര്‍ ഇക്കാര്യത്തില്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. എന്‍ജിന്‍ ഓയിലിന്റെ അളവു പരിശോധിച്ചു കൃത്യമായ ഓയിലാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്തുക. പവര്‍ സ്റ്റിയറിങ്, ബ്രേക്ക്, ട്രാന്‍സ്മിഷന്‍ യൂണിറ്റുകള്‍ എന്നിവയുടെ ഫ്‌ലൂയിഡും പരിശോധിക്കണം. വെയിലുമായി കൂടുതല്‍ പ്രതിപ്രവര്‍ത്തിക്കുന്ന മേന്മമേറിയ ഫ്‌ലൂയിഡുകള്‍ വേനല്‍ക്കാലത്തു നിറയ്ക്കുന്നതും നല്ലതാണ്.

ബാറ്ററി
ബാറ്ററി ദ്രാവകം വേനല്‍ചൂടില്‍ വേഗം തീരുന്നു. ഇത് ബാറ്ററിയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നതിനു മുന്‍പു തന്നെ ബാറ്ററിയില്‍ ആവശ്യ അളവില്‍ ദ്രാവകം ഉണ്ടെന്നു പരിശോധിച്ച് ഉറപ്പുവരുത്തുക. ഇതിനു പുറമെ ബാറ്ററിയുടെ ടെര്‍മിനലുകളില്‍ തുരുമ്പും ക്ലാവും പിടിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുക. പൊടിപടലങ്ങള്‍ വൃത്തിയാക്കണം. എല്ലാ വയറുകളും കൃത്യമായി ഘടിപ്പിച്ചിരിക്കുന്നതെന്നും വയറുകള്‍ ലീക്കാകുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. ഡിസ്റ്റില്‍ഡ് വാട്ടര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ബാറ്ററിയില്‍ ഡിസ്റ്റില്‍ഡ് വാട്ടറിന്റെ അളവു കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുന്നതും നല്ലതാണ്.

Tags: ,
Read more about:
EDITORS PICK
ENTERTAINMENT