വയനാട് ജില്ലയില്‍ കുരങ്ങുപനി പടരുന്നു, ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Sruthi March 25, 2019
monkey-fever

വയനാട് ജില്ലയില്‍ ആശങ്ക പടര്‍ത്തി കുരങ്ങുപനി. നിലവില്‍ ആറ് പേര്‍ കുരങ്ങുപനിക്കു ചികില്‍സയിലാണ്. കുരങ്ങുപനി പടര്‍ന്നു പിടിക്കുകയാണ്. മറ്റ് ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നു. കുരങ്ങുപനി ബാധിച്ച് ചികില്‍സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു.

കാട്ടിക്കുളം ബേഗൂര്‍ കോളനിയിലെ സുന്ദരന്‍ (27) ആണു മരിച്ചത്. ഇയാള്‍ പത്ത് ദിവസമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബാവലിയില്‍ വനത്തിനുള്ളിലെ തടി ഡിപ്പോയില്‍ പണിക്കു പോയപ്പോഴാണ് സുന്ദരന് രോഗബാധയുണ്ടായതെന്നു സംശയിക്കുന്നു.

ഇവിടെ കുരങ്ങുകള്‍ ചത്തുവീണിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ആരോഗ്യവകുപ്പ് വയനാട് ജില്ലയില്‍ അതീവജാഗ്രതാനിര്‍ദേശം പറപ്പെടുവിച്ചു. ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരെല്ലാം തിരുനെല്ലി മേഖലയില്‍ നിന്നുള്ളവരാണ്. കര്‍ണാടക വനമേഖലയില്‍ ജോലിക്കു പോയ ആളുകളിലാണ് രോഗം കണ്ടെത്തിയത്.

വയനാട് അതിര്‍ത്തിയായ കര്‍ണാടക ബൈരക്കുപ്പയില്‍ ഈ മാസം ആദ്യം കുരങ്ങുപനി ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. 2015ല്‍ പനി ബാധിച്ച് 11 പേരാണു ജില്ലയില്‍ മരിച്ചത്. അസുഖം ബാധിച്ച് ഒരാള്‍ മരിച്ച സാഹചര്യത്തില്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചു.

Read more about:
EDITORS PICK