സ്റ്റീഫന്‍ നെടുമ്പള്ളി പ്രതീക്ഷിച്ചതിലും മാസ്, പൃഥ്വിരാജ് നടന്‍ മാത്രമല്ല, ലാലേട്ടനെ ജയ് വിളിച്ച് ഫസ്റ്റ് ഷോ, ലൂസിഫര്‍ ആദ്യപ്രതികരണം ഗംഭീരം

സ്വന്തം ലേഖകന്‍ March 28, 2019
mohanlal-prithvi

കാത്തിരുന്ന്..കാത്തിരുന്ന് നമ്മടെ രാജുവേട്ടന്റെ പടമെത്തി. ഫസ്റ്റ് ഷോ കഴിഞ്ഞപ്പോഴുള്ള പ്രേക്ഷക പ്രതികരണത്തിനായി കാത്തിരിക്കുകയായിരുന്നു സിനിമ കാണാത്ത മലയാളികള്‍. എന്നാല്‍, പ്രതീക്ഷ വിഫലമായില്ല. നിറഞ്ഞ കൈയ്യടിയോടെയും ലാലേട്ടന്‍ കീ ജയ് വിളിച്ചുമാണ് പ്രേക്ഷകര്‍ തിയറ്ററില്‍ നിന്നിറങ്ങിയത്.

ഇത് ലാലേട്ടന്‍ ഫാന്‍സിന്റെ പുകഴ്ത്തലല്ല. പൃഥ്വിരാജിന്റെ സംവിധാനത്തിന് മലയാളികള്‍ നല്‍കിയ കൈയ്യടിയാണ്. അതേ.. ലൂസിഫര്‍ എന്ന പടം വിഷു ഹിറ്റ് ചിത്രമായിരിക്കുമെന്നുറപ്പ്. പൃഥ്വിരാജ് ഒരു നടന്‍ മാത്രമല്ലെന്ന് തെളിയിച്ചു. ലൂസിഫറില്‍ ഒരു രാഷ്ട്രീയ നേതാവായിട്ടാണ് ലാലേട്ടനെത്തുന്നത്. കട്ട ലുക്ക് തന്നെ. സ്റ്റീഫന്‍ നെടുമ്പള്ളി സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ തിയറ്റര്‍ മുഴുവന്‍ ഹര്‍ഷാരവം തന്നെയായിരുന്നു.

സ്റ്റീഫന്‍ നെടുമ്പള്ളി മാസ്സല്ല, മരണമാസ്സാണെന്ന് പ്രേക്ഷകര്‍ പറയുന്നു. ആദ്യ ഷോ തന്നെ പോസറ്റീവ് റിവ്യൂ ആണ് പുറത്തുവന്നത്. കൊച്ചി കവിത തിയറ്ററില്‍ ആദ്യ ഷോ കാണാന്‍ പൃഥ്വിയും മോഹന്‍ലാലും മറ്റ് അണിയറ പ്രവര്‍ത്തകരും എത്തിയിരുന്നു. പ്രേക്ഷക പ്രതികരണത്തില്‍ പൃഥ്വിരാജും അമ്മ മല്ലിക സുകുമാരനും കണ്ണു നിറഞ്ഞാണ് മടങ്ങിയത്. ഇത് ദൈവത്തിന്റെ അനുഗ്രഹമെന്നാണ് മല്ലിക പറഞ്ഞത്.

ബ്രില്യന്റ് ജോബ് പൃഥ്വി എന്നാണ് കണ്ടവരുടെ പ്രതികരണം. പാലഭിഷേകവും നടത്തിയും ചെണ്ടമേളമൊരുക്കിയും ആരാധകര്‍ ലൂസിഫര്‍ ആഘോഷമാക്കി. നായകനൊപ്പം തന്നെ സ്‌ക്രീന്‍ സ്പേസ് ലഭിച്ച കഥാപാത്രമാണ് വിവേക് ഒബ്റോയിയുടെ വില്ലന്‍ വേഷം. മഞ്ജു വാര്യര്‍, സായികുമാര്‍, ടോവിനോ തോമസ്, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, ഇന്ദ്രജിത്ത് തുടങ്ങി താരനിര അണിനിരക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും അതിഥി വേഷത്തിലെത്തുന്നുണ്ട്. മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയത്.

ഒരു ഹൈപ്പും ഇല്ലാതെയാണ് ലൂസിഫര്‍ എത്തിയത്. മോഹന്‍ലാലിന്റെ കഴിഞ്ഞ ചിത്രം ഒടിയന്‍ വലിയ ഹൈപ്പിലിറങ്ങിയ ചിത്രമായിരുന്നു. വലിയ കളക്ഷന്‍ നേടിയെങ്കിലും മലയാളികളെ ലാലേട്ടന്‍ നിരാശപ്പെടുത്തിയെന്നു തന്നെ പറയാം. അതുകൊണ്ടുതന്നെ ലൂസിഫര്‍ എങ്ങനെയുണ്ടാകുമെന്നുള്ളത് നിര്‍ണായകമായിരുന്നു.

കേരളത്തില്‍ 400 തിയറ്ററുകളിലാണ് പ്രദര്‍ശനം. ആദ്യ ഷോ കഴിഞ്ഞ് നിറകണ്ണുകളോടെ മോഹന്‍ലാലിനൊപ്പം ഇരിക്കുന്ന പൃഥ്വിരാജിന്റെ ചിത്രം ഭാര്യ സുപ്രിയ പകര്‍ത്തിയതും വൈറലായി. ലാലേട്ടന്‍ പൃഥ്വിക്ക് നന്ദിയും പറഞ്ഞു.

Read more about:
RELATED POSTS
EDITORS PICK