ഇയോണ്‍ കാറുകള്‍ നിരത്തൊഴിയുന്നു

Sebastain March 29, 2019

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ഇന്ത്യന്‍ വിപണിയിലെ എന്‍ട്രി ലെവല്‍ വാഹനം ഇയോണിന്റെ ഉല്‍പ്പാദനം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. 2011ല്‍ നിരത്തിലെത്തിയ ഇയോണ്‍ എട്ടു വര്‍ഷത്തെ യാത്രയ്ക്കൊടുവിലാണ് ഉല്‍പാദനം അവസാനിപ്പിക്കുന്നത്. പുതുക്കിയ സുരക്ഷാ മാനദണ്ഡങ്ങളും ബിഎസ് 6 എന്‍ജിനിലേക്ക് വാഹനങ്ങള്‍ മാറുന്നതുമാണ് ഇയോണിന്റെ പിന്മാറ്റത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഇന്ത്യയിലും ദക്ഷിണ കൊറിയയിലും വികസിപ്പിച്ച ഇയോണ്‍ 0.8, 1.0 എന്നീ രണ്ട് എന്‍ജിനുകളിലാണ് ഉണ്ടായിരുന്നത്. 0.8 ലിറ്റര്‍ എന്‍ജിന്‍ 814 സിസിയില്‍ 55 ബിഎച്ച്പി കരുത്തും 75 എന്‍എം ടോര്‍ക്കും, 1.0 ലിറ്റര്‍ എന്‍ജിന്‍ 998 സിസിയില്‍ 68 ബിഎച്ച്പി കരുത്തും 94 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. മാരുതി ആള്‍ട്ടോ 800, റെനോ ക്വിഡ്, ഡാറ്റ്സണ്‍ റെഡി-ഗോ തുടങ്ങിയവയോടായിരുന്നു ഇയോണിന്റെ മത്സരവും. ഫിലിപ്പിന്‍സ്, ചിലി, പാനമ, കോളംബിയ തുടങ്ങിയ നിരവധി രാജ്യാന്തര വിപണികളിലും ഇയോണ്‍ സജീവമായിരുന്നു.

സാന്‍ട്രോയുടെ രണ്ടാം വരവോടെ ഇയോണ്‍ പിന്‍വാങ്ങുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടയിലാണ് പുതിയ വാര്‍ത്തകള്‍. എന്നാല്‍ 2021-ല്‍ പുതിയ മോഡല്‍ ഇയോണ്‍ പുറത്തിറക്കുമെന്നാണ് കമ്പനിയുടെ ഔദ്യോഗിക വിശദീകരണം.

Tags: ,
Read more about:
EDITORS PICK