എങ്ങും കണിക്കൊന്ന പൂത്തു..ദേ…വിഷു ഇങ്ങ് എത്തി കെട്ടോ..

സ്വന്തം ലേഖകന്‍ April 3, 2019
vishu

ഐശ്വര്യത്തിന്റെ മേടമാസം..കലണ്ടറില്‍ മേടം ഒന്നിന് വിഷു ദിനമായി രേഖപ്പെടുത്തുന്നു. കേട്ടിട്ടില്ലേ…മേട പൊന്നണിയും കൊന്ന പൂക്കണിയായി എന്നാ പാട്ട്.. കൊന്നപ്പൂവിന്റെയും കണിവെള്ളരിയുടെയും വിഷു. എങ്ങും കൊന്നമരം പൂത്തു..ഇനി ഉത്സവ കാലം. ഇത്തവണ വേനല്‍ കടുത്ത ചൂട് തന്നെങ്കിലും സന്തോഷത്തോടെയും ആഘോഷത്തോടെയുമാണ് വിഷുവിനെ എല്ലാവരും വരവേല്‍ക്കുന്നത്.

കാര്‍ഷിക സംസ്‌കാരത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ് വിഷു. പുതിയ വര്‍ഷത്തിന്റെ തുടക്കമായും ഒരു വര്‍ഷത്തെ കൃഷിയിറക്കാനുള്ള ദിവസമായും വിഷു ആഘോഷിച്ചു വരുന്നു. വളരെ മുമ്പ് കേരളീയരുടെ പുതുവര്‍ഷം മേടം ഒന്നിന് തുടങ്ങിയിരുന്നതായി പറയപ്പെടുന്നു.

സൂര്യന്‍ ഭൂമധ്യരേഖയില്‍ തന്നെ ഉദിക്കുന്ന ദിവസം കൂടിയാണ് വിഷു. അതിനാല്‍ വിഷുദിനത്തില്‍ രാത്രിയുടെയും പകലിന്റെയും ദൈര്‍ഘ്യം സമമായിരിക്കും. തുലാം മാസത്തിലും സൂര്യന്‍ ഭൂമധ്യരേഖയില്‍ തന്നെ ഉദിക്കുന്നുണ്ട്. അന്ന് തുലാ വിഷു എന്നറിയപ്പെടുന്നു. തുലാവിഷുവിന് ആഘോഷങ്ങളൊന്നുമില്ല.

വിഷുവിന് പിന്നിലും കണിക്കൊന്നയ്ക്കുപിന്നിലും ഒട്ടേറെ ചരിത്ര കഥകള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. പരശുരാമന്‍ മഴു എറിഞ്ഞാണ് കേരളം ഉണ്ടായതെന്ന്. പരശുരാമന്‍ തന്റെ അവതരോദ്യേശം നിറവേറ്റിയശേഷം തന്റെ ചൈതന്യം മുഴുവന്‍ ശ്രീരാമ ദേവനിലേക്ക് പ്രവഹിപ്പിച്ചു, അതിനുശഷം തനിക്കു സൈ്വര്യമായി ഇരുന്നു തപസ്സു ചെയ്യാനായി ഭാരതത്തിന്റെ തെക്ക് ഭാഗത്തേക്ക് യാത്ര ചെയ്തു. തനിക്കിനി തന്റെ ആയുധം (മഴു) ആവശ്യമില്ലെന്ന് കണ്ടു അദേഹം അത് കടലിലേക്കെറിഞ്ഞു. അങ്ങിനെയാണ് കടലില്‍ നിന്നും കേരളം ഉയര്‍ന്നു വന്നത്.

അങ്ങനെ ഉയര്‍ന്നു വന്ന ഈ കരയില്‍ നിറയെ ഫല വൃക്ഷങ്ങളും മറ്റും സമൃദ്ധമായി നിറഞ്ഞു നിന്നു…..പരശുരാമന്‍ സ്വസ്ഥമായി തപസ്സു ചെയ്‌തോണ്ടിരിക്കെ ഉത്തര ദേശത്തുനിന്നും കുറച്ചു ബ്രാഹ്മണ കുടുംബക്കാര്‍ ക്ഷത്രിയ രാജാക്കന്മാരെ ഭയന്ന് കേരളത്തില്‍ എത്തപ്പെട്ടു. അവര് പരശുരാമനോട് ഈ ഭൂമി തങ്ങള്‍ക്കു തരാന്‍ അപേക്ഷിച്ചു. പരശുരാമന്‍ ഈ ഭൂമി അവര്‍ക്ക് നല്കിയ ശേഷം തപസ്സു ചെയ്യാനായി ഹിമാലയത്തിലേക്ക് പോയി.പോകും നേരം ബ്രാഹ്മണര്‍ ചോദിച്ചു തങ്ങളെ ക്ഷത്രിയര്‍ ഇനിയും അക്രമിക്കുകയാണെങ്കില്‍ ഞങ്ങള്‍ എന്ത് ചെയ്യുമെന്ന്? പരശുരാമന്‍ ഒരു മന്ത്രം അവരെ ഉപദേശിച്ചു നല്‍കി.

എപ്പോള്‍ നിങ്ങള്‍ ഈ മന്ത്രം ചൊല്ലി എന്നെ സ്മരിക്കുന്നുവോ ആ നിമിഷം ഞാന്‍ നിങ്ങടെ സംരക്ഷണത്തിനായി എത്തും എന്ന് വാക്കും നല്‍കി.
ഒരു ജോലിയും ചെയ്യാതെ തന്നെ പ്രകൃതി അവര്‍ക്ക് വേണ്ടതെല്ലാം കൊടുത്തു കൊണ്ടിരുന്നു. അങ്ങിനെ ബ്രാഹ്മണര്‍ വേദമന്ത്രങ്ങളും പൂജകളും യാഗങ്ങളും മാത്രം ചെയ്തു കൊണ്ട് കാലം കഴിച്ചു. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു…. കാലക്രമേണ അവരില്‍ പലരും സന്മാര്‍ഗ്ഗത്തില്‍ നിന്നും വഴിമാറി തുടങ്ങി. ഒരു ദിവസം ഒരു യാഗം നടന്നു കൊണ്ടിരിക്കെ ചിലര്‍ക്കൊക്കെ സംശയം പരശുരാമന്‍ ഉപദേശിച്ച മന്ത്രം സത്യം തന്നെയാണോ എന്ന്. അവര്‍ അതൊന്നു പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. അവരെല്ലാവരും കൂടി ആ മന്ത്രം ജപിച്ചു.

തൊട്ടടുത്ത നിമിഷം പരശുരാമന്‍ അവിടെ പ്രത്യക്ഷപ്പെട്ടു! അദ്ദേഹത്തിന് കാര്യങ്ങള്‍ എല്ലാം മനസിലായി, അദ്ദേഹം ക്രുദ്ധനായി ”നിങ്ങള്‍ ധിക്കാരികള്‍ ആയിതീര്‍ന്നിരിക്കുന്നു ഈ ഭൂമിയില്‍ നിന്നും ധര്‍മ്മം നശിച്ചുപോയി, നിങ്ങള്‍ അലസന്മാരും മടിയന്മാരും ആയതുകൊണ്ടാണ് ഇതെല്ലം സംഭവിച്ചത്, അതുകൊണ്ട് നിങ്ങടെ സകലതും നശിച്ചു പോകട്ടെ” എന്ന് ശപിച്ചു.

എല്ലാവരും കൂടി മാപ്പ് ചോദിച്ചു. പരശുരാമന് അവരോടു കനിവ് തോന്നി അദ്ദേഹം പറഞ്ഞു ഈ മണ്ണില്‍ നിങ്ങള്‍ക്ക് കൃഷിചെയ്യാം; അതില്‍ നിന്നും നിങ്ങള്‍ക്ക് കിട്ടുന്ന ഫലങ്ങള്‍ മുഴുവനും (പണം, സ്വര്‍ണം, ……..) ഭഗവാനു സമര്‍പ്പിച്ചിട്ടു ആ പ്രസാദം കൊണ്ട് ആ വര്‍ഷം ജീവിക്കുക. അന്ന് മുതല്‍ അവരെല്ലാം കൃഷി ചെയ്യാന്‍ തുടങ്ങി, കൊയ്ത്തു കഴിഞ്ഞാല്‍ സകലതും കൂടി ഭഗവാനു സമര്‍പ്പിക്കും. അതിന്റെ ഓര്‍മ്മക്കാണ് നമ്മള്‍ വിഷുക്കണി വെക്കുന്നത്.
അങ്ങിനെയാണ് വിഷു ഉണ്ടായതെന്നൊരു വിശ്വാസമുണ്ട്.

കണിക്കൊന്നയ്ക്ക് ഈ ചരിത്രകഥയുമായി എങ്ങനെ ബന്ധം എന്ന് പലരും ചിന്തിക്കാം.. അതിനും ഒരു കഥയുണ്ട്..
ഒരാളെ കൊന്നമരം എന്നാണ് പറയപ്പെടുന്നത്. അങ്ങനെയാണ് കൊന്നമരമെന്ന് പേരുവന്നത്. കൊന്ന മരത്തില്‍ എങ്ങനെ ഐശ്വര്യത്തിന്റെ പൂ വിടര്‍ന്നത്?
ബാലിയെ ഒളിയമ്പെയ്ത് കൊന്നത് ഒരു മരത്തിന്റെ പിന്നില്‍ നിന്നാണ്. ആ മരമാണ് കൊന്ന.

ത്രേതായുഗത്തില്‍ സീതാന്വേഷണത്തിന് പോയ ശ്രീരാമന്‍ യാത്രാമദ്ധ്യേ സുഗ്രീവനുമായി സഖ്യം ചെയ്ത് ബാലിയെ ഒളിയമ്പെയ്ത് കൊന്നു. ഒരു മരത്തില്‍ മറഞ്ഞു നിന്നാണ് കൃത്യം നടത്തിയത്. എന്നാല്‍ കൊലപാതകകുറ്റം ആരും രാമനില്‍ ആരോപിച്ചില്ല. മരമാണ് അമ്പെയ്തത് എന്നായി പ്രചാരണം. ഈ മരം കാണുമ്പോള്‍ എല്ലാവരും ബാലിയെ കൊന്ന മരം എന്ന് പറയാന്‍ തുടങ്ങി. അത് പിന്നീട് ‘കൊന്ന’ മരമായി മാറി.

ചെയ്യാത്ത കുറ്റത്തിന് പഴി കേള്‍ക്കേണ്ടി വന്ന പാവം ആ വൃക്ഷത്തിന് സങ്കടമായി. ചിലരൊക്കെ ചേര്‍ന്ന് ഗൂഡാലോചന നടത്തി തന്നെ കുടുക്കുകയായിരുന്നു എന്ന് വിലപിച്ചു. ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇങ്ങിനെ ഒരു അപവാദം കേള്‍ക്കേണ്ടി വന്നല്ലോ? ദൈവത്തെ തന്നെ വിളിക്കുകയല്ലാതെ മരത്തിന് വേറെ വഴി അറിയില്ലല്ലോ. അങ്ങനെ മരണം ദൈവത്തോട് സങ്കടം പറഞ്ഞു.

ഭഗവാനേ! എന്റെ പിന്നില്‍ മറഞ്ഞു നിന്ന് ബാലിയെ വധിച്ചത് അങ്ങല്ലേ? എന്നാലോ ‘കൊന്ന മരം’ എന്ന് എന്നെയാണ് എല്ലാവരും വിളിക്കുന്നത്. എനിക്ക് ഈ പഴി താങ്ങുവാന്‍ വയ്യ. അങ്ങ് തന്നെ ഇതിന് പരിഹാരം കണ്ടെത്തണം.

www.Whoa.in

ചെയ്യാത്ത കുറ്റത്തിന് ഒരാളെ നീ ഇത് പോലെ ആരോപണം ഉന്നയിച്ചപമാനിച്ചിട്ടുണ്ട്. അതാണ് ഇപ്പോള്‍ നിനക്കും ഈ ഗതി വന്നതെന്ന് ദൈവം പറയുകയുണ്ടായി. പൂര്‍വ്വ ജന്മത്തില്‍ ഒരു മഹാത്മാവിനെ തെറ്റിദ്ധാരണമൂലം ചെയ്യാത്ത കുറ്റം ആരോപിച്ചുവത്രേ. ദൈവം പറഞ്ഞതു കേട്ടപ്പോള്‍ വൃക്ഷം കരഞ്ഞുപറഞ്ഞു..ഇത് നീതികേടാണെന്ന്.. എപ്പോഴും ഈശ്വര സ്മരണയോടെ ഇറിക്കുക, എപ്പോഴെങ്കിലും സൗഭാഗ്യം നിനക്കും വരുമെന്ന് ദൈവം പറഞ്ഞു.

കാലം കടന്നുപോയി.. ശ്രീരാമന്‍ മാറി ശ്രീകൃഷ്ണന്‍ വന്നു. ഗുരുവായൂരില്‍ ഉണ്ണിക്കണ്ണന്‍ വിലസി. കണ്ണന് കളിക്കൂട്ടായി ഒരു ഉണ്ണിയുണ്ടായിരുന്നു. ആ ബാലന്‍ വിളിച്ചാല്‍ കണ്ണന്‍ കൂടെ ചെല്ലും. തൊടിയിലും പാടത്തുമെല്ലാം രണ്ട് പേരും കളിക്കും. ആ കുഞ്ഞ് അതെപ്പറ്റി പറയുമ്പോള്‍ ആരും വിശ്വസിച്ചിരുന്നില്ല. ഒരു ദിവസം അതിമനോഹരമായ ഒരു സ്വര്‍ണ്ണമാല ഒരു ഭക്തന്‍ ഭഗവാന് സമര്‍പ്പിച്ചു. അന്ന് ആ മാലയും ഇട്ടുകൊണ്ടാണ് കണ്ണന്‍ തന്റെ കൂട്ടുകാരനെ കാണുവാന്‍ പോയത്. കണ്ണന്റെ മാല കണ്ടപ്പോള്‍ ആ ബാലന് അതൊന്നണിയാന്‍ മോഹം തോന്നി. കണ്ണന്‍ അത് ചങ്ങാതിക്ക് സമ്മാനമായി നല്‍കി.

വൈകീട്ട് ശ്രീ കോവില്‍ തുറന്നപ്പോള്‍ മാല കാണാതെ അന്വേഷണമായി. ആ സമയം കുഞ്ഞിന്റെ കയ്യില്‍ വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണം കണ്ടു. കുട്ടി മോഷ്ടിച്ചതാണെന്ന് പറഞ്ഞു പരത്തി. മാതാപിതാക്കള്‍ അവനെ കൂട്ടി ക്ഷേത്രത്തിലേക്ക് വന്നു. കണ്ണന്‍ തനിക്ക് സമ്മാനിച്ചതാണെന്ന് ഉണ്ണി പറയുന്നുണ്ട്, ആരും അത് വിശ്വസിച്ചില്ല. കുട്ടി മോഷ്ടിച്ചതാണ് എന്ന് കരുതി അവനെ ശിക്ഷിക്കാന്‍ ഒരുങ്ങി. പേടിച്ച കുഞ്ഞ് തന്റെ കഴുത്തില്‍ നിന്നും മാല ഊരിയെടുത്ത് വിലപിച്ചു.

കണ്ണാ! നീ എന്റെ ചങ്ങാതിയല്ല. ആണെങ്കില്‍ എന്നെ ശിക്ഷിക്കരുതെന്നും നിന്റെ സമ്മാനമാണെന്നും ഇവരോട് പറയുമായിരുന്നു. നിന്റെ ചങ്ങാത്തം എനിക്ക് വേണ്ട. ഈ മാലയും..
എന്ന് പറഞ്ഞ് ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് ആ മാല പുറത്തേക്കു വലിച്ചെറിഞ്ഞു. ആ മാല ചെന്ന് വീണത് അവിടെ നിന്നിരുന്ന ഒരു കൊന്ന മരത്തിലാണ്. അത്ഭുതമെന്നു പറയട്ടെ ആ മരം മുഴുവനും സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള മനോഹരമായ പൂക്കളാല്‍ നിറഞ്ഞു. ഒരു അത്ഭുതം പോലെ…

ആ സമയത്ത് ശ്രീകോവിലില്‍ നിന്നും അശരീരി കേട്ടു..ഇത് എന്റെ ഭക്തന് ഞാന്‍ നല്‍കിയ നിയോഗമാണ്. ഈ പൂക്കളാല്‍ അലങ്കരിച്ച് എന്നെ കണികാണുമ്പോള്‍ എല്ലാവിധ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും. മാത്രമല്ല ഈ പൂക്കള്‍ കണി കാണുന്നത് മൂലം ദുഷ്‌ക്കീര്‍ത്തി കേള്‍ക്കെണ്ടാതായി വരില്ല. അന്ന് മുതലാണത്രേ കൊന്ന പൂത്തു തുടങ്ങിയത്.

Tags:
Read more about:
EDITORS PICK