അടിയൊഴുക്ക് നിർണായകം; പാലക്കാട് ആർക്കൊപ്പം?

Pavithra Janardhanan April 12, 2019

ഇലക്ഷന്‍ ചൂടിലാണ് പാലക്കാട് ഇപ്പോള്‍. 1957 മുതല്‍ തുടങ്ങുന്നു പാലക്കാടിന്റെ ലോക്‌സഭാ ചരിത്രം. അന്നുതൊട്ടിന്നോളമുള്ള ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തം. കൂടുതല്‍ തവണയും ഇടത്തു പക്ഷത്തിന് അനുകൂലമായിട്ടാണ് പാലക്കാട് ലോക്‌സഭാ മണ്ഡലം വിധി എഴുതിയിട്ടുള്ളത്. ഇടത്തു പക്ഷത്തിന് മുന്‍തൂക്കമുള്ള മണ്ഡലമാണ് പാലക്കാട് എന്നാണ് ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രം വ്യക്തമാക്കുന്നതും. 
 

1957 ല്‍ സിപിഐയുടെ പി കെ കുഞ്ഞനിലൂടെയായിരുന്നു ഇടത്തുപക്ഷത്തിന് ആദ്യ വിജയം .2009 ലും 2014 ലും നടന്ന പാര്‍ലമെന്റ് ഇലക്ഷനില്‍ എംബി രാജേഷിലൂടെ ഇടത്തു പക്ഷം തന്നെ പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലും അധികാരത്തിലെത്തി. ഇത്തവണത്തെ തെരഞ്ഞെടുപ്പിലും എംബി രാജേഷിനെ തന്നെയാണ് എല്‍ഡിഎഫ് രംഗത്തിറക്കുന്നത്.

അതേസമയം വിജയ വര്‍ഷങ്ങളുടെ എണ്ണം കുറവാണെങ്കിലും യുഡിഎഫിന് വ്യക്തമായ തെരഞ്ഞെടുപ്പ് ചരിത്രമുണ്ട് പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍. 1977- ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എ സുന്നസാഹിബിലൂടെ വലത്തുപക്ഷം പാലക്കാട് ആദ്യ ജയം നേടി. തുടര്‍ന്ന് 1980 ലും 84 ലും നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ വി എസ് വിജയരാഘവനിലൂടെയും യുഡിഎഫ് ഈ ലോക്‌സഭാ മണ്ഡലത്തില്‍ അധികാരത്തിലെത്തി. ഏറെ പ്രതീക്ഷയോടെ തന്നെയാണ് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വി കെ ശ്രീകണ്ഠനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നതും.

ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കേരളത്തില്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നുകൂടിയാണ് പാലക്കാട്. സി കൃഷ്ണകുമാറാണ് പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ ഇത്തവണത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. അട്ടപ്പാടി ആദിവാസി മേഖല ഉള്‍പ്പെടുന്നതിനാല്‍ ന്യൂനപക്ഷ വോട്ടുകള്‍ക്കും നിര്‍ണ്ണായക പങ്കുണ്ട് പാലക്കാട് മണ്ഡലത്തില്‍. ഒളിഞ്ഞും തെളിഞ്ഞുമെല്ലാം ശബരിമല വിഷയം തന്നെയാണ് ബിജെപി പ്രധാന പ്രചരണായുധമായി ഉപയോഗിക്കുന്നതും. അതേസമയം വികസനമാണ് എല്‍ഡിഎഫും യുഡിഎഫും മുന്നോട്ടു വെയ്ക്കുന്ന പ്രധാന പ്രചരണായുധം

Tags:
Read more about:
RELATED POSTS
EDITORS PICK