ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം ബെന്നി ബഹനാന്‍ പ്രചരണത്തിനെത്തി; തിരിച്ച് വരവ് ആവേശമാക്കി പ്രവര്‍ത്തകര്‍

Sebastain April 14, 2019

പുത്തൻകുരിശ്: ചികിൽസയ്ക്കും വിശ്രമത്തിനും ശേഷം ചാലക്കുടിയിലെ യു ഡി എഫ് സ്ഥാനാർഥി ബെന്നി ബഹനാൻ പ്രചാരണ രംഗത്തേക്ക് മടങ്ങിയെത്തി. പുത്തൻകുരിശിൽ നടന്ന എ.കെ.ആന്‍റണിയുടെ പൊതു സമ്മേളനത്തിൽ പങ്കെടുത്താണ് ബെന്നി ബഹനാൻ പ്രചാരണ രംഗത്തേക്ക് തിരിച്ചു വന്നത്. പടക്കം പൊട്ടിച്ചും പുത്തിരി കത്തിച്ചും മുദ്രാവാക്യം വിളിച്ചും അണികൾ പ്രിയ നേതാവിന്‍റെ മടങ്ങി വരവ് ഗംഭീരമാക്കി. എന്നും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചിരുന്ന ബെന്നിയുടെ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്ന് ആൻറണി പറഞ്ഞു. കുറച്ച് ദിവസം കൂടി ഡോക്ടർ പറയുന്നത് അനുസരിക്കണം. ബെന്നിയെ ചാലക്കുടിയിലെ എം പി ആക്കിയിട്ടേ പ്രവർത്തകർ വിശ്രമിക്കാവൂ എന്നും അദ്ദേഹം ഓർമ മപ്പെടുത്തി.


കേരളത്തിൽ രണ്ട് തരംഗം യു ഡി എഫിന് അനുകൂലമായി നിലനിൽക്കുന്നുവെന്ന് എ.കെ.ആൻറണി പറഞ്ഞു. ഒന്ന് രാഹുൽ ഗാന്ധിക്ക് അനുകൂലമായ തരംഗം. മറ്റൊന്ന് മോഡിയെ ചവുട്ടി പുറത്താക്കാനുള്ള തരംഗം. ഇതിനൊപ്പം പിണറായി വിജയനെ ചെവിക്ക് പിടിച്ച് പുറത്ത് കളയാനുള്ള ജനങ്ങളുടെ വാശി കൂടിയാകുമ്പോൾ ജനങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാണെന്ന് ആൻറണി പറഞ്ഞു.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് ബെന്നി ബഹനാനെ ക‍ഴിഞ്ഞയാ‍ഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറിക്കും വിധേയമാക്കിയിരുന്നു. അതിന് ശേഷം ഒരാ‍ഴ്ചയോളം നിര്‍ബന്ധിത വിശ്രമവും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. ബെന്നി ബഹനാന് പകരം ചാലക്കുടി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വിവിധ എംഎല്‍എമാരാണ് പ്രചരണത്തിന് നേതൃത്വം കൊടുത്തിരുന്നത്.

Read more about:
RELATED POSTS
EDITORS PICK