ജനങ്ങളോട് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് ദ്രാവിഡ്; പക്ഷേ ദ്രാവിഡിന് വോട്ടില്ല

Sebastain April 14, 2019

ബംഗളൂരു: കര്‍ണാടക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അംബാസിഡറായ മുന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിന് വോട്ടില്ല. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാത്തതാണ് കാരണം. എന്നാല്‍ വോട്ട് ചെയ്യണമെന്നും വോട്ടിന്‍റെ പ്രാധാന്യത്തെക്കുറിച്ചുമുളള ബോധവത്ക്കരണ ബോര്‍ഡുകളില്‍ പ്രത്യക്ഷപ്പെടുന്നതും രാഹുല്‍ ദ്രാവിഡ് തന്നെ. ദ്രാവിഡിന് വോട്ടില്ലെന്ന് അറിഞ്ഞതോടെ വിമര്‍ശനവുമായി സോഷ്യല്‍മീഡിയയും രംഗത്തെത്തി ക‍ഴിഞ്ഞു.


2018ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ദ്രാവിഡ് ബംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ ഇന്ദിരാനഗറില്‍ നിന്ന് താമസം മാറിയിരുന്നു. ഇപ്പോള്‍ താമസിക്കുന്ന അശ്വത്ഥ് നഗര്‍ ബാംഗ്ലൂര്‍ നോര്‍ത്ത് ലോക്സഭാ മണ്ഡലത്തിലാണ് ഉള്‍പ്പെടുന്നത്. ഇതോടെ ദ്രാവിഡിന്‍റെ സഹോദരന്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കാനുളള ഫോം നല്‍കിയിരുന്നു. ഇതിന്‍റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുകയും ചെയ്തു. എന്നാല്‍ പുതിയ മണ്ഡലത്തില്‍ പേര് ചേര്‍ക്കാനുളള ഫോം ദ്രാവിഡ് പൂരിപ്പിച്ച് നല്‍കിയില്ല. ഇതോടെയാണ് താരത്തിന് വോട്ട് ചെയ്യാനുളള അവസരം നഷ്ടമായത്. രണ്ട് തവണ ദ്രാവിഡിന്‍റെ വീട്ടില്‍ ചെന്നെങ്കിലും അവിടെ ആരും ഉണ്ടായിരുന്നില്ലെന്നാണ് അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസര്‍ വ്യക്തമാക്കുന്നത്.
അതേസമയം ദ്രാവിഡിന്‍റെ ചിത്രങ്ങളുളള പരസ്യബോര്‍ഡുകള്‍ കര്‍ണാടകയില്‍ നിരവധി സ്ഥലങ്ങളിലുണ്ട്. പൊതുജനത്തെ വോട്ട് ചെയ്യാന്‍ ബോധവത്ക്കരിക്കുന്നതാണ് ഈ ബോര്‍ഡുകളെല്ലാം എന്നതാണ് ശ്രദ്ധേയവും.

Tags:
Read more about:
RELATED POSTS
EDITORS PICK