അര്‍ദ്ധരാത്രി മുതല്‍ ജെറ്റ് എയര്‍വേയ്സ് പറക്കില്ല; പൈലറ്റുമാര്‍ സമരത്തില്‍

Sebastain April 14, 2019

ന്യൂഡെല്‍ഹി: ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ജെറ്റ് എയര്‍വേസ് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തില്ല. പൈലറ്റുമാരുടെ സംഘടനയായ നാഷണല്‍ ഏവിയേറ്റേഴ്സ് ഗ്രില്‍ഡ് സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സര്‍വ്വീസുകള്‍ തീരുമാനം. ശമ്പള കുടിശ്ശിക ലഭിക്കാത്തത് കാരണമാണ് പൈലറ്റുമാര്‍ നാളെ മുതല്‍ തൊഴില്‍ ചെയ്യാന്‍ വിസമ്മതം അറിയിച്ചത്.
‘ഞങ്ങള്‍ക്ക് കഴിഞ്ഞ മൂന്നര മാസമായി ശമ്പളം ലഭിക്കുന്നില്ല. എന്ന് ശമ്പളം ലഭിക്കുമെന്ന് ഞങ്ങള്‍ക്ക് വ്യക്തതയില്ല, അതിനാല്‍ ഞങ്ങള്‍ ഏപ്രില്‍ 15 മുതല്‍ വിമാനം പറത്തേണ്ടയെന്ന് തീരുമാനിച്ചിരിക്കുന്നു’. ഗ്രില്‍ഡ് വൃത്തങ്ങള്‍ പ്രതികരിച്ചു. ഇതോടെ നാളെ രാവിലെ മുതല്‍ ജെറ്റ് എയര്‍വേസ് വിമാനങ്ങള്‍ ഏതാണ്ട് പൂര്‍ണമായും നിശ്ചയമായേക്കും.


മൂന്നര മാസമായി ജെറ്റ് എയര്‍വേസിലെ പൈലറ്റുമാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും ശമ്പളം ലഭിക്കുന്നില്ല. ഏകദേശം 1,100 ഓളം പൈലറ്റുമാരെ ജെറ്റ് എയര്‍വേസ് പ്രതിസന്ധി ബാധിച്ചതായാണ് പൈലറ്റുമാരുടെ സംഘടനയുടെ വിലയിരുത്തല്‍.
എസ്ബിഐ ഉള്‍പ്പെടെയുളള ജെറ്റ് എയര്‍വേയ്സ് നിക്ഷേപകര്‍ കന്പനിയെ സംരക്ഷിക്കാനുളള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കന്പനിക്കായി പുതിയ നിക്ഷേപകരെ കണ്ടെത്താനുളള ശ്രമത്തിലാണ് എസ്ബിഐ. കുടിശ്ശികകള്‍ മുടങ്ങിയതിനാല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കന്പനിക്കുളള ഇന്ധനവിതരണം ക‍ഴിഞ്ഞ ദിവസം നിര്‍ത്തിയിരുന്നു.

Read more about:
EDITORS PICK