അവര്‍ കാക്കി അടിവസ്ത്രം ധരിച്ചത് ഞാന്‍ വെറും 17 ദിവസം കൊണ്ട് തിരിച്ചറിഞ്ഞിരുന്നു: ജയപ്രദക്കെതിരായ പരാമര്‍ശത്തില്‍ അസംഖാനെതിരെ കേസെടുത്തു

Julie Varghese April 15, 2019

ലഖ്നൗ: ജയപ്രദക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. രാംപുരില്‍ ബിജെപി ടിക്കറ്റിലാണ് ജയപ്രദ മത്സരിക്കുന്നത്. എതിര്‍ സ്ഥാനാര്‍ഥിയാണ് അസംഖാന്‍.

അസം ഖാന്റെ പരാമർശം ഇങ്ങനെ:

‘റാംപുരിലെയും യുപിയിലെയും ഇന്ത്യയിലെയും ജനങ്ങളെ, 17 വർഷമെടുത്തു നിങ്ങൾക്ക് അവരുടെ യഥാർഥ സ്വഭാവം മനസ്സിലാക്കാൻ. എന്നാൽ 17 ദിവസത്തിനുള്ളിൽ എനിക്കു മനസ്സിലായി അവർ ധരിച്ചിരുന്നത് കാക്കി ഉൾവസ്ത്രമാണെന്ന്.’

അതേസമയം, ഖാന്റെ വിവാദ പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

ഖാന്റെ പരാമർശം അത്യന്തം നിന്ദ്യമായതാണെന്ന് ബിജെപി സംസ്ഥാന വക്താവ് ചന്ദ്രമോഹൻ വ്യക്തമാക്കി. രാഷ്ട്രീയത്തിന്റെ നിലവാരം ഇതിലും താഴാനാകില്ല. എസ്പിയുടെ യഥാർഥ മുഖമാണ് ഈ പ്രസ്താവനയിലൂടെ പുറത്തുവരുന്നത്. സ്ത്രീകളെക്കുറിച്ചുള്ള അവരുടെ യഥാർഥ ചിന്തകളാണ് പുറത്തുവരുന്നതെന്നും ചന്ദ്രമോഹൻ പറഞ്ഞു.

ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു അസംഖാന്റെ വിവാദ പരാമര്‍ശം. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഈ റാലിയില്‍ പങ്കെടുത്തിരുന്നു. പരാമര്‍ശത്തിനെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍, താന്‍ ബിജെപി സ്ഥാനാര്‍ഥിയെ ഉദ്ദേശിച്ചല്ല പരാമര്‍ശം നടത്തിയതെന്ന വിശദീകരണവുമായി അസംഖാന്‍ രംഗത്തെത്തി.

ഒരാളുടേയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നും അങ്ങനെ തെളിയിച്ചാല്‍ രാംപുരില്‍ മത്സരിക്കില്ലെന്നും അസംഖാന്‍ വ്യക്തമാക്കി. രാംപുരില്‍ ഞാന്‍ ഒമ്ബത് തവണ എംഎല്‍എയും ഒരു തവണ മന്ത്രിയും ആയതാണ്. എനിക്കറിയാം എന്ത് പറയണമെന്ന്. തന്റെ വാക്ക് മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും അസംഖാന്‍ പറഞ്ഞു.

Read more about:
EDITORS PICK