ഒളിക്യാമറ വിവാദം; എം കെ രാഘവനെതിരെ കേസെടുക്കും

Sebastain April 21, 2019

കോഴിക്കോട്: ഒളിക്യാമറാ വിവാദത്തില്‍ കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരെ പൊലീസ് കേസെടുക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഒളിക്യാമറ വിവാദം വിശദമായി അന്വേഷിക്കണമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. സംഭവത്തില്‍ തുടര്‍ നടപടികളിലാണ് ഡിജിപി ലോക്‌നാഥ് ബഹ്‌റ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിലപാട് തേടിയത്.

ഒരു സ്വകാര്യ ഹിന്ദി ചാനല്‍ നടത്തിയ ഒളി ക്യാമറ ഓപ്പറേഷനിലാണ് എം കെ രാഘവന്‍ കുടുങ്ങിയത്. തെരഞ്ഞെടുപ്പ് ചെലവിനായി അഞ്ച് കോടി രൂപ ആവശ്യപ്പെടുന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മദ്യം ഒഴുക്കിയതായി രാഘവന്‍ വെളിപ്പെടുത്തുന്നതും പുറത്ത് വന്ന ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇടത് മുന്നണി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഈ പരാതികളിലാണ് അന്വേഷണം നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഡിജിപിയ്ക്ക് നിര്‍ദ്ദേശം നല്‍കി. ഈ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മേധാവി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് ഇ മെയില്‍ വഴി നിയമോപദേശം തേടിയത്.

Read more about:
EDITORS PICK