കറിവേപ്പില തഴച്ചു വളരാൻ

Pavithra Janardhanan April 30, 2019

മലയാളികളുടെ കറികളിൽ തീർച്ചയായും കാണാവുന്ന ഒന്നാണ് ‘കറിവേപ്പില’. കറികൾക്ക് രുചിയും മണവും നൽകുന്നത് മാത്രമല്ല, കറിവേപ്പിലയുടെ ധർമമെന്നത് വളരെ കുറച്ചുപേർക്ക് മാത്രമറിയാവുന്ന ഒന്നാണ്.  നിത്യവും അരിയാഹാരം കഴിക്കുന്ന  നമ്മൾ ദിവസവും വീട്ടിൽ നിന്ന് വെറുതേ ഒഴിവാക്കുന്ന കഞ്ഞിവെള്ളം കറിവേപ്പിലയുടെ കീടനാശിനിയായും വളക്കൂട്ടായും വരെ ഫലപ്രദമായി  ഉപയോഗിക്കാം.

തലേദിവസത്തെ കഞ്ഞിവെള്ളം ദിവസവും ഒഴിച്ചുകൊടുത്താൽ തന്നെ കറിവേപ്പ് നന്നായി വളരും കടലപ്പിണ്ണാക്കും കഞ്ഞിവെള്ളവും ചേർത്ത മിശ്രിതവും കറിവേപ്പില തഴച്ചുവളരാൻ വളമായി നൽകാറുണ്ട് . ഇത് നല്ല ഫലം നൽകും. പുളിച്ച അര ബക്കറ്റ് കഞ്ഞിവെള്ളത്തിൽ അരക്കിലോ കടലപ്പിണ്ണാക്ക് വാങ്ങി പുതർത്തിയതിന് ശേഷം അത് നേർപ്പിച്ച് കറിവേപ്പിന്റെ മുരട്ടിൽ നിന്ന് വിട്ട് ഒഴിച്ചു നൽകാം. കട്ടികൂടിയ വഴുവഴുപ്പുള്ള കഞ്ഞിവെള്ളം നല്ല ഒന്നാന്തരം കീടനാശിനിയാണ് പ്രവർത്തിക്കും . തലേ ദിവസത്തെ കഞ്ഞിവെള്ളമാണ് നാം കീടനാശിനിയായി ഉപയോഗിക്കേണ്ടത്. പുളിച്ച കഞ്ഞിവെള്ളത്തിൽ അല്പം വെളുത്തുള്ളി ചതച്ചിട്ടതിന് ശേഷം അല്പം വെള്ളം ചേർത്ത് നേർപ്പിച്ച് സ്പ്രേ ചെയ്തു കൊടുക്കാം.

സൈലിഡ് എന്ന കീടവും നാരകവർഗവിളകളെ ബാധിക്കുന്ന ശലഭപ്പുഴുക്കളുമാണ് കറിവേപ്പിന് ബാധിക്കുന്ന കീടങ്ങൾ. കൂടാതെ തേയിലക്കൊതുകിന്റെ ആക്രണവും സാധാരണയായി കണ്ടുവരുന്നു. ചെടിയുടെ തണ്ടിലും ഇലയിലും വെളുത്ത പാടപോലെ പറ്റിക്കിടക്കുന്ന ഒരുതരം ഫംഗസ്സും ഇതിന്റെ ശത്രുവാണ്. ഇവയ്ക്കെല്ലാം കഞ്ഞിവെള്ള പ്രയോഗം നല്ലതാണ്. കഞ്ഞിവെള്ള പ്രയോഗത്തിലൂടെ നല്ല ആരോഗ്യമുള്ള കറിവേപ്പിൻ തൈകൾ നിങ്ങൾക്കും സ്വന്തമാക്കാം .

Tags:
Read more about:
EDITORS PICK