ലൈംഗിക പീഡനം; കര്‍ശന മാര്‍ഗ്ഗനിര്‍ദേശവുമായി മാര്‍പ്പാപ്പ

Sebastain May 9, 2019

വത്തിക്കാൻ: കത്തോലിക്കാസഭയിലെ ലൈംഗിക പീഡനപരാതികൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. വൈദികർക്കുള്ള അപ്പോസ്തലിക സന്ദേശത്തിലൂടെയാണ് മാർപ്പാപ്പ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ വൈദിക ഗണത്തെ അറിയിച്ചിരിക്കുന്നത്.
ലൈംഗിക പീഡന പരാതികൾ സ്വീകരിക്കാൻ എല്ലാ രൂപതയിലും പ്രത്യേക സംവിധാനം വേണമെന്ന് അപ്പോസ്തലിക സന്ദേശത്തിൽ മാർപ്പാപ്പ നിർദ്ദേശിക്കുന്നു. വിശ്വാസികൾക്ക് നിർഭയം പരാതി നൽകാൻ കഴിയണം. പരാതികൾ അറിഞ്ഞാൽ കന്യാസ്ത്രീകളും വൈദികരും ഉടൻ തന്നെ അവ റിപ്പോർട്ട് ചെയ്യണം. പീഡന വിവരം തുറന്നുപറയാൻ ഇരകൾക്ക് സൗകര്യമൊരുക്കണം. പീഡനപരാതി ആർച്ച് ബിഷപ്പ് വത്തിക്കാനെ അറിയിക്കണം. പരാതികളിന്‍മേൽ അന്വേഷണം 90 ദിവസത്തിനകം പൂർത്തിയാക്കണം. ഇരകൾക്കെതിരെ പ്രതികാര നടപടികൾ പാടില്ലെന്നും പരാതി മൂടിവയ്ക്കാൻ ശ്രമിക്കരുതെന്നും മാർപ്പാപ്പ നിർദ്ദേശിക്കുന്നു. അതാത് രാജ്യത്തെ നിയമസംവിധാനങ്ങളുമായി സഹകരിക്കണമെന്നും അപ്പോസ്തലിക സന്ദേശത്തിൽ നിർദ്ദേശമുണ്ട്.

മൂന്ന് ലൈംഗിക കുറ്റകൃത്യങ്ങളാണ് മാർപ്പാപ്പയുടെ അപ്പോസ്തലിക സന്ദേശത്തിൽ എടുത്തുപറയുന്നത്.

  1. അധികാരമോ ഭീഷണിയോ ബലമോ പ്രയോഗിച്ച് നടത്തുന്ന ലൈംഗിക ചൂഷണം.
    2.കുട്ടികളുടേയും ദുർബലരുടേയും മേൽ നടത്തുന്ന ലൈംഗിക ചൂഷണം.
  2. കുട്ടികളെ ഇരയാക്കിയുള്ള അശ്ലീല ഉള്ളടക്കങ്ങൾ നിർമ്മിക്കുക, കൈവശം വയ്ക്കുക, പ്രദർശിപ്പിക്കുക, വിതരണം ചെയ്യുക

2013ൽ മാർപ്പാപ്പയായി ചുമതലയേറ്റ സമയത്ത് തന്നെ ലൈംഗിക പീഡന പരാതികളിൻമേൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ വ്യക്തമാക്കിയിരുന്നു. പുരോഹിതന്മാര്‍ക്കെതിരായ ലൈംഗിക ആരോപണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് മാര്‍പ്പാപ്പയുടെ പുതിയ നിര്‍ദേശങ്ങള്‍.

Read more about:
RELATED POSTS
EDITORS PICK