മൂക്കിന്റെ വളവ് നിവര്‍ത്താന്‍ ശസ്ത്രക്രിയ നടത്തിയ 24കാരിക്ക് സംഭവിച്ചത്?

Pavithra Janardhanan May 10, 2019

മൂക്കിന്റെ സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയക്ക് വിധേയയായ യുവതി ‘കോമ’യിലായെന്ന് ദുബായ് ഹെല്‍ത്ത് അതോരിറ്റി സ്ഥിരീകരിച്ചു.
ദുബായില്‍ മൂക്കിന്റെ വളവ് നിവര്‍ത്താന്‍ ശസ്ത്രക്രിയ നടത്തിയ 24കാരിക്ക് ആണ് ഈ ദുരവസ്ഥ വന്നത്.ശസ്ത്രക്രിയക്കിടെ യുവതിക്ക് ഹൃദയസ്തംഭനവും മസ്തിഷ്കാഘാതവും സംഭവിക്കുകയായിരുന്നു.

അതീവ ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യുവതിക്ക് 16 ദിവസം കഴിഞ്ഞിട്ടും ബോധം തെളിഞ്ഞിട്ടില്ല. മൂക്കിന്റെ വളവ് നിവര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയക്കാണ് ദുബായിലെ ഫസ്റ്റ് മെഡ് ഡേ സര്‍ജറി സെന്ററില്‍ യുവതി ആശുപത്രിയില്‍ എത്തിയത്. ശസ്ത്രക്രിയക്കിടെ രക്തസമ്മര്‍ദം അപകടകരമാംവിധം താഴ്ന്നു. രക്തചംക്രമണത്തിന്റെ വേഗത കുറഞ്ഞതോടെ തലച്ചോറിലേക്കുള്ള ഓക്സിജന്‍ കുറഞ്ഞു.

ഏതാനും മിനിറ്റുകളോളം യുവതിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു. ഇതോടെയാണ് യുവതി കോമ അവസ്ഥയിലേക്ക് പോയത്. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയ രോഗിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെ ഗുരുതര പിഴവുകളാണ് ഇത്തരമൊരു അവസ്ഥയിലേക്ക് നയിച്ചതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ ഈ കേന്ദ്രത്തില്‍ എല്ലാ ശസ്ത്രക്രിയകളും വിലക്കി.

അന്വേഷണം പൂര്‍ത്തിയാവുന്നതോടെ ഡോക്‌ടര്‍മാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ദുബായ് ഹെല്‍ത്ത് അതോരിറ്റി, ഹെല്‍ത്ത് റെഗുലേഷന്‍ സെക്ടര്‍ സിഇഒ ഡോ. മര്‍വാന്‍ അല്‍ മുല്ല അറിയിച്ചു. 

Tags:
Read more about:
EDITORS PICK