തെച്ചിക്കോട്ട് രാമചന്ദ്രന്‍ തെക്കേ ഗോപുരനട തുറന്നു; പൂര നഗരി ഉണര്‍ന്നു

Sebastain May 12, 2019

തൃശൂര്‍: തൃശൂർ പൂരത്തിന്‍റെ വിളംബരം നടത്തി നെയ്തലക്കാവ് ഭഗവതി വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കെ ഗോപുര നടതള്ളിത്തുറന്നു. ഭഗവതിയുടെ തിടമ്പേറ്റിയ തെച്ചിക്കോട്ട് രാമചന്ദ്രനാണ് തെക്കേ ഗോപുര നട തുറന്നത്. പതിനായിരങ്ങളാണ് പൂര നഗരിയിലേക്ക് ഒഴുകിയെത്തിയത്. പൂര വിളംബരം നടന്നതോടെ 36 മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന തൃശ്ശൂർ പൂരത്തിന്‍റെ ചടങ്ങുകൾക്ക് തുടക്കമായി.


ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ കര്‍ശന സുരക്ഷയിലാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഇറക്കി തൃശൂര്‍ പൂരം വിളംബര ചടങ്ങ് നടത്തിയത്. ഒരു മണിക്കൂര്‍ നേരത്തേക്ക് ആനയെ എഴുന്നെള്ളിക്കാൻ മാത്രമാണ് ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നത്. കര്‍ശന ഉപാധികളോടെയായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വടക്കുംനാഥ ക്ഷേത്രത്തിലെത്തി തെക്കോട്ടിറക്ക ചടങ്ങ് നടത്തിയത്. നെയ്തലക്കാവിൽ നിന്ന് തിടമ്പുമായി വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിയെത്തുന്ന പതിവിന് വിപരീതമായാണ് ഇത്തവണ ചടങ്ങുകൾ നടന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ലോറിയിലാണ് തേക്കിൻകാട് മൈതാനത്ത് എത്തിച്ചത്. നെയ്തലക്കാവിൽ നിന്ന് തിടമ്പുമായി ദേവീ ദാസനെന്ന ആന തേക്കിൻകാട് മൈതാനത്തെത്തുകയും മണികണ്ഠനാൽ പരിസരത്തു നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കൈമാറുകയും ചെയ്തു. തുടര്‍ന്ന് വടക്കുംനാഥനെ വലംവച്ച് അനുവാദം വാങ്ങുന്ന ആചാരത്തിന് ശേഷം തെക്കേ ഗോപുര നട തള്ളിത്തുറന്ന് നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പുറത്തെത്തി. ഇതോടെ 36 മണിക്കൂര്‍ നീണ്ടു നിൽക്കുന്ന തൃശൂര്‍ പൂരത്തിനും തുടക്കമായി.


വന്‍ സുരക്ഷാ വലയമായിരുന്നു ക്ഷേത്രത്തിന് ചുറ്റും തീര്‍ത്തത്. ആവേശം കൊണ്ടുള്ള ആര്‍പ്പുവിളി ആനയ്ക്ക് പ്രകോപനമാകാതിരിക്കാൻ നിരന്തരം ജാഗ്രതാ മുന്നറിയിപ്പുകൾ ക്ഷേത്രം ഭാരവാഹികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. ആനയുടെ പത്ത് മീറ്റര്‍ പരിസരത്തെങ്കിലും ഏറ്റവും ചുരുങ്ങിയത് ആളെ അനുവദിക്കരുതെന്ന നിര്‍ദ്ദേശവും പൊലീസ് നടപ്പാക്കി. അമ്പത് മീറ്റര്‍ ചുറ്റളവിൽ ബാരിക്കേഡ് തീര്‍ത്താണ് ആൾക്കൂട്ടത്തെ നിയന്ത്രിച്ച് നിര്‍ത്തിയത്.

Read more about:
EDITORS PICK