വര്‍ണ്ണവിസ്മയം തീര്‍ത്ത് സാമ്പിള്‍ വെടിക്കെട്ട് ; യഥാര്‍ത്ഥ വെടിക്കെട്ട് 14ന്

Sebastain May 12, 2019

തൃശൂര്‍: പൂരം വെടിക്കെട്ടിന് മുന്നോടിയായുളള സാമ്പിള്‍ വെടിക്കെട്ടില്‍ പ്രകമ്പനം കൊണ്ട് തൃശൂര്‍ നഗരം. രാത്രി ഏഴരയോടെ തിരുവമ്പാടിയാണ് ആദ്യം തീ കൊളുത്തിയത്. അര മണിക്കൂറിന് ശേഷമായിരുന്നു പാറമേക്കാവിന്റെ വെടിക്കെട്ട് പൂരം. അമിട്ടുകള്‍ മാനത്ത് വിരിഞ്ഞതോടെ ദേശക്കാര്‍ ആഘോഷത്തിലായി.

സ്വരാജ് റൗണ്ടില്‍ ആളുകളെ ഒഴിപ്പിച്ച ശേഷമായിരുന്നു വെടിക്കെട്ടിന് തീ കൊളുത്തിയത്. നൂറ് മീറ്റര്‍ അകലം പാലിക്കണമെന്ന് കേന്ദ്ര ഏജന്‍സി പെസോയുടെ നിര്‍ദേശമുണ്ടായിരുന്നു. എങ്കിലും കെട്ടിടത്തിന് മുകളിലും മറ്റുമായി നിന്ന് സാമ്പിള്‍വെടിക്കെട്ട് പൂരപ്രേമികള്‍ ആസ്വദിച്ചു.
പ്രധാനവെടിക്കെട്ടിന്റെ സാമ്പിളാണ് തിരുവമ്പാടിയും പാറമേക്കാവും ശനിയാഴ്ച രാത്രി നടത്തിയത്. 14 ആം തീയതി പുലര്‍ച്ചെയാണ് തൃശൂര്‍ പൂരത്തിന്റെ പ്രധാന വെടിക്കെട്ട് നടക്കുക.അതിന് മുന്നോടിയായാണ് സാമ്പിള്‍ വെടിക്കെട്ട് അരങ്ങേറിയത്.

Tags:
Read more about:
EDITORS PICK