അസാധാരണ നടപടി; അക്രമത്തെ തുടര്‍ന്ന് ബംഗാളില്‍ പരസ്യപ്രചാരണം വെട്ടിക്കുറച്ചു

Sebastain May 15, 2019

ന്യൂഡല്‍ഹി; തുടര്‍ച്ചയായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ പശ്ചിമബംഗാളിലെ പരസ്യപ്രചാരണം 24 മണിക്കൂര്‍ വെട്ടിക്കുറച്ചു. ഭരണഘടനയിലെ 324–ാം വകുപ്പുപ്രകാരമുള്ള സവിശേഷാധികാരം പ്രയോഗിച്ചാണ് അസാധാരണ നടപടി. അവസാനഘട്ടത്തില്‍ തെരഞ്ഞെടുപ്പു നടക്കുന്ന ഒമ്പത് ലോക്‌സഭാ മണ്ഡലങ്ങളില്‍ പരസ്യപ്രചാരണം വ്യാഴാഴ്ച രാത്രി 10നകം അവസാനിപ്പിക്കണമെന്ന് നിര്‍ദേശവും പുറപ്പെടുവിച്ചു.

24 മണിക്കൂറായി സംസ്ഥാനത്ത് നടക്കുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അസാധാരണ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായതെന്ന് തെരഞ്ഞെടുപ്പു കമീഷന്‍ അറിയിച്ചു. അവസാനഘട്ടത്തില്‍ ബംഗാളിലെ ഡംഡം, ബരാസാത്, ബാസിര്‍ഹാട്ട്, ജയനഗര്‍, മതുരാപുര്‍, ജാദവ്പുര്‍, ഡയമണ്ട് ഹാര്‍ബര്‍, നോര്‍ത്ത് കൊല്‍ക്കത്ത, സൗത്ത് കൊല്‍ക്കത്ത മണ്ഡലങ്ങളിലാണ് പോളിങ് നടക്കേണ്ടത്. ഈ മണ്ഡലങ്ങളില്‍ വ്യാഴാഴ്ച രാത്രി 10 മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ ഒരുതരത്തിലുള്ള പ്രചാരണവും സംഘടിപ്പിക്കരുതെന്നാണ് കമീഷന്റെ നിര്‍ദേശം. ഇതാദ്യമായിട്ടാണ് ഭരണഘടനയുടെ 324–ാം അനുച്ഛേദപ്രകാരമുള്ള അധികാരം ഉപയോഗിച്ച് പരസ്യപ്രചാരണം വെട്ടിക്കുറയ്ക്കുന്നതെന്ന് കമീഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി റാലികളില്‍ നടന്ന അക്രമസംഭവങ്ങള്‍ സമാധാനപൂര്‍ണമായ തെരഞ്ഞെടുപ്പിന് വെല്ലുവിളിയാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് അടിയന്തരനടപടിക്ക് നിര്‍ബന്ധിതരായത്. വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് ഉള്‍പ്പെടെയുള്ള അതിക്രമങ്ങളില്‍ തെരഞ്ഞെടുപ്പു കമീഷന് കടുത്ത പ്രതിഷേധവും ആശങ്കയുമുണ്ട്.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റാലിയെ തുടര്‍ന്നാണ് കൊല്‍ക്കത്തയില്‍ വ്യാപക സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. റാലി തുടങ്ങിയതിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ തെരുവില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.

Read more about:
RELATED POSTS
EDITORS PICK