പിഴ കെട്ടിവെച്ചിട്ടും നിയമലംഘനം: അന്തര്‍സംസ്ഥാന സ്വകാര്യ ബസുകള്‍ പഴയ പടിതന്നെ സര്‍വ്വീസ് നടത്തുന്നു

Sruthi May 15, 2019

പിഴ കെട്ടിവെച്ചിട്ടും അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളുടെ നിയമലംഘനം തുടരുകയാണ്. കുറഞ്ഞ പിഴ നല്‍കി നിയമലംഘനം നിര്‍ബാധം തുടരുന്നുവെന്നാണ് വിവരം. സംസ്ഥാനത്ത് ഓടുന്ന അന്തര്‍സംസ്ഥാന കോണ്‍ട്രാക്ട് കാര്യേജ് സര്‍വീസുകള്‍ ഏകദേശം 500 എണ്ണമാണ്. ഇവര്‍ക്കെതിരെ എടുത്ത കേസുകളാകട്ടെ 3457 എണ്ണം വരും.

ദിവസവും ശരാശരി 120-130 കേസുകള്‍ രേഖപ്പെടുത്തുന്നുണ്ട്. ആറു ലക്ഷം രൂപവരെ ദിവസം പിഴചുമത്തുന്നു. പിഴ അടയ്ക്കാന്‍ ചില ബസുകള്‍ മുന്‍പേ തയ്യാറാണ്. ഗതാഗതവകുപ്പ് ശക്തമായ നടപടിയെടുക്കുന്നുവെന്ന് വന്നപ്പോഴാണ് സംഗതി പുറത്തറിയുന്നത്. പരിശോധനയും നടപടിയും കര്‍ശനമായി തുടരുന്നെന്ന് മോട്ടോര്‍ വാഹന വകുപ്പ് അവകാശപ്പെടുമ്പോഴും അതൊന്നും കൂസാതെ കോണ്‍ട്രോക്ട് കാര്യേജുകള്‍ ഓടുകയാണ്.

ഇപ്പോഴും ദിവസവും മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനയുണ്ട്. ബസുകള്‍ തടഞ്ഞ് പിഴയിടും. മിക്കവാറും യാത്ര തുടങ്ങുന്ന പോയിന്റിലാണ് പരിശോധന. ടിക്കറ്റ് നല്‍കിയുള്ള യാത്രക്കും എല്ലാ പോയിന്റുകളില്‍നിന്നും ആളെയെടുക്കലുമടക്കം നിയമലംഘനങ്ങള്‍ക്ക് 5000 രൂപയാണ് പിഴ.

ബുക്കിങ് ഏജന്‍സികള്‍ക്ക് പുതിയ മാനദണ്ഡപ്രകാരം എല്‍എപിടി ലൈസന്‍സ് നിര്‍ബന്ധമാക്കിയെങ്കിലും ഇതൊന്നും അധികപേരും പാലിക്കുന്നില്ല എന്നതാണ് വാസ്തവം. ഈ സാഹചര്യത്തില്‍ ബസ് പിടിച്ചെടുക്കല്‍ നടപടിയിലേക്ക് നീങ്ങാന്‍ ഗതാഗതവകുപ്പ് ആലോചിക്കുന്നു.

Read more about:
EDITORS PICK