ഇന്നത്തെ നോമ്പ് തുറ വിഭവം; ഏത്തപ്പഴം കൊണ്ടുണ്ടാക്കുന്ന കായ്‌പോള

Pavithra Janardhanan May 15, 2019

നോമ്പു തുറ എപ്പോഴും വിഭവസമൃദ്ധമായിരിക്കും.ആദ്യ കാലങ്ങളിൽ സമൂസ, കട്‌ലെറ്റ്, പഴംപൊരി പോലുള്ള വിഭവങ്ങളാണ് കേരളത്തിൽ മലബാറൊഴികെയുള്ള മേഖലകളിൽ വിളമ്പിയിരുന്നതെങ്കിൽ ഇന്ന് മലബാറിന്റെ സ്വന്തം മുട്ടമാല, മുട്ടസുർക്ക, ചട്ടിപ്പത്തിരി, എന്നീ വിഭവങ്ങളും നമ്മുടെ തീൻമേശകളിൽ ഇടംപിടിച്ചു തുടങ്ങി. അത്തരത്തിൽ കേരളമൊട്ടാകെ പ്രിയങ്കരമായ ഒന്നാണ് ഏത്തപ്പഴം കൊണ്ടുണ്ടാക്കുന്ന കായ്‌പോള.

ആവശ്യമായ ചേരുവകൾ

നേന്ത്രപ്പഴം (ഏത്തപ്പഴം) – നാലെണ്ണം ചെറുതായി അരിഞ്ഞത്.
മുട്ട – 5
നെയ്യ് – 4 സ്പൂണ്‍
ഏലക്ക -2ണ്ണം പൊടിച്ചത്
പഞ്ചസാര – നിങ്ങളുടെ ഇഷ്ട്ടം പോലെ ചേര്‍ക്കാം
അണ്ടിപ്പരിപ്പ് – 50 ഗ്രാം
ഉണക്ക മുന്തിരി – 50 ഗ്രാം

ഉണ്ടാക്കുന്ന വിധം

നോൺസ്റ്റിക് പാൻ ചൂടാക്കി നെയ്യൊഴിക്കുക. ഇതിലേക്ക് അണ്ടിപ്പരിപ്പ് ഇട്ട് മൂപ്പിച്ചെടുക്കുക. കളർ മാറി തുടങ്ങുമ്പോ ഇതിലേക്ക് മുന്തിരി ഇടാം. ഇത് കോരി മാറ്റുക.

പിന്നീട് ചട്ടിയിലേക്ക് അരിഞ്ഞുവെച്ച ഏത്തപ്പഴം ഇട്ട് വഴറ്റുക. ചെറുതായിട്ട് ബ്രൗൺ നിറമാവുമ്പോൾ അതും കോരി എടുത്തു വക്കുക. മുട്ടയും, പഞ്ചസാരയും, ഏലക്കായും ചേർത്ത് നന്നായി ഇളക്കി ഇതേ ചട്ടിയിൽ ഒഴിക്കുക. ചൂടാവുമ്പോ വഴറ്റിവെച്ച ഏത്തപ്പഴവും,അണ്ടിപ്പരിപ്പും മുന്തിരിയും ഇതിലേക്ക് ഇട്ട് ഇളക്കി അടച്ചു വക്കുക. തീ കുറച്ചു വെക്കണം . ഇടക്കു അടപ്പ് തുറന്ന് വെന്തോയെന്നു നോക്കാം. വെന്തു കഴിഞ്ഞാൽ ഒരു പാത്രത്തിലേക്ക് മാറ്റി നേരത്തെ മുകളിൽ വന്ന ഭാഗം താഴേക്കാക്കി ഒന്ന് കൂടെ വേവിക്കാം. വെന്തുകഴിഞ്ഞാൽ പിന്നെ ഒരു പാത്രത്തിലേക്ക് മാറ്റി തണുക്കുമ്പോൾ മുറിച്ചു കഴിക്കാം.

Tags:
Read more about:
EDITORS PICK