വില്‍ക്കാന്‍ തൃശൂര്‍ പൂരം എന്റെ തറവാട് സ്വത്തല്ല: ഞാന്‍ ഒരു വീഡിയോയും വിറ്റിട്ടില്ലെന്ന് റസൂല്‍ പൂക്കുട്ടി

Sruthi May 15, 2019

തൃശൂര്‍ പൂരത്തിന്റെ വീഡിയോ പ്രശ്‌നത്തില്‍ ശക്തമായി പ്രതികരിച്ച് റസൂല്‍ പൂക്കുട്ടി. താന്‍ ഒരു ഓഡിയോയും വീഡിയോയും സോണിക്ക് വിറ്റിട്ടില്ലെന്ന് റസൂല്‍ പൂക്കുട്ടി പറയുന്നു. ഈ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്.

ഒരു ഓഡിയോയും വീഡിയോയും ഞാന്‍ സോണിക്ക് വിറ്റിട്ടില്ല. തൃശൂര്‍ പൂരത്തിന്റെ ഓഡിയോ ഞാന്‍ റെക്കോഡ് ചെയ്തത് ആര്‍ക്കൈവ് ആയിട്ടാണ്. സൗണ്ട് സ്റ്റോറിയുമായി ബന്ധപ്പെട്ട വീഡിയോ ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതില്‍ എനിക്ക് പങ്കില്ല. അത് പ്രശാന്ത് പ്രഭാകറും പാംസ്റ്റോണ്‍ മീഡിയയുമാണ് നിര്‍മ്മിച്ചത്. അതിന്റെ വിതരണാവകാശം മാത്രമാണ് സോണിക്ക് നല്‍കിയതെന്നാണ് എന്റെ അറിവെന്നും റസൂല്‍ പൂക്കുട്ടി വ്യക്തമാക്കി.

വില്‍ക്കാന്‍ തൃശൂര്‍ പൂരം എന്റെ തറവാട് സ്വത്തല്ല. തൃശൂര്‍ പൂരം കേരള സംസ്‌കാരത്തിന്റെ ഭാഗമാണ്. അത് എല്ലാവരുടേതുമാണ്. അതില്‍ ഏതെങ്കിലും കമ്പനിക്ക് മാത്രമായി കോപ്പിറൈറ്റ് അവകാശം എടുക്കാനാവില്ല. ഇനി അഥവാ അങ്ങനെ എടുത്തിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. ഞാനതിനെ അനുകൂലിക്കുന്നില്ല.

തൃശൂര്‍ പൂരത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെ കോപ്പി റൈറ്റ് സോണി മ്യൂസിക് കൈവശപ്പെടുത്തിയിരിക്കുന്നതിനാല്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്നില്ലെന്നുമാണ് തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എആര്‍എന്‍ മീഡിയ ആരോപിച്ചിരിക്കുന്നത്.

Read more about:
EDITORS PICK