സൗദിയില്‍ മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ച് മാറ്റാന്‍ ഉത്തരവ്

Sruthi May 16, 2019

മോഷണക്കേസില്‍ പ്രതിയായ മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ച് മാറ്റാന്‍ കോടതി ഉത്തരവ്. സൗദിയില്‍ ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതിയാണ് ഉത്തരവിട്ടത്. ആലപ്പുഴ നൂറനാട് സ്വദേശിയുടെ കൈപ്പത്തിയാണ് മുറിച്ചുമാറ്റാന്‍ ഉത്തരവിട്ടത്.

സൗദിയിലെ അബഹയില്‍ ഉള്ള ഭക്ഷണശാലയുടെ പണം സൂക്ഷിക്കുന്ന അറയില്‍നിന്നും പണം കാണാതായ കേസിലാണ് ഇയാളെ അറസ്റ്റിലായത്. 1.10 ലക്ഷം റിയാലായിരുന്നു കാണാതായത്. ഒപ്പം ജോലി ചെയ്തവരും ഇയാള്‍ക്കെതിരെ സാക്ഷി പറഞ്ഞതോടെ യുവാവിന്റെ കുരുക്ക് മുഖുകുകയായിരുന്നു.

മോഷണം നടന്നതായി സ്ഥാപന അധികൃതര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയപരിശോധനയില്‍ മോഷ്ടിച്ച തുക ഒളിപ്പിച്ചുവെച്ച നിലയില്‍ കുളിമുറിയില്‍ നിന്നും കണ്ടെത്തിയിരുന്നു. കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ശരീഅത്ത് നിയമപ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്.

ഇതേ സ്ഥാപനത്തിലെ മറ്റൊരു സുഹൃത്ത് അയാളുടെ മാതാവിന്റെ ചികിത്സയ്ക്കായി നാട്ടില്‍ പോയപ്പോള്‍ ഈ യുവാവ് ജാമ്യം നിന്നിരുന്നു. എന്നാല്‍ നാട്ടില്‍ പോയ സുഹൃത്ത് തിരിച്ച് വരാതിരുന്നതിനാല്‍ കടയുടമ ഇയാളില്‍ നിന്ന് ഇരുപത്തിനാലായിരം റിയാല്‍ ഈടാക്കിയിരുന്നു. ഇതിന് പകരമായി സ്‌പോണ്‍സറുടെ റസ്റ്റോറന്റില്‍നിന്ന് 24,000 റിയാല്‍ എടുക്കുകയായിരുന്നു ലക്ഷ്യമെന്ന് യുവാവ് പറയുന്നു. കോടതി വിധിക്കെതിരെ റമദാന്‍ 17നകം അപ്പീല്‍ പോകാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്.

നാട്ടിലെ കുടുംബത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് അസീറിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ യുവാവിന് നിയമസഹായം നല്‍കാന്‍ രംഗത്തുണ്ട്. ഇന്ത്യന്‍ എംബസി സാമൂഹിക ക്ഷേമ സമിതിയംഗവും സോഷ്യല്‍ ഫോറം പ്രവര്‍ത്തകനുമായ സൈദ് മൗലവി നിയമവിദഗ്ധരുമായി വിഷയം ചര്‍ച്ച ചെയ്തു. ആറു വര്‍ഷമായി ഈ റസ്റ്റോറന്റിലെ ജീവനക്കാരനാണ് യുവാവ്.

Read more about:
EDITORS PICK