വിദ്യാര്‍ത്ഥികള്‍ക്ക് പകരം പരീക്ഷയെ‍ഴുതി മുങ്ങിയ അധ്യാപകര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

Sebastain May 18, 2019

കോഴിക്കോട്: മുക്കം നീലേശ്വരം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകരം പ്ലസ് ടു പരീക്ഷയെ‍ഴുതിയ കേസില്‍ ഒളിവില്‍ പോയ അധ്യാപകര്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പരീക്ഷയെഴുതിയ അധ്യാപകൻ നിഷാദ് മുഹമ്മദ്, പരീക്ഷ ഡെപ്യൂട്ടി ചീഫ് പി കെ ഫൈസൽ എന്നിവർക്കെതിരെയാണ് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതികൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
പാസ്പോർട്ട് ഇല്ലാത്തതിനാൽ സ്കൂൾ പ്രിൻസിപ്പൽ കെ റസിയക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ല. നോട്ടീസ് തുടർ നടപടിക്കായി മുക്കം പൊലീസ് സ്പെഷ്യൽ ബ്രാഞ്ചിന് കൈമാറി. ഇവരുടെ സിം കാർഡുകൾ പരിശോധിക്കാൻ പൊലീസ് സൈബർ സെല്ലിന്‍റെ സഹായം തേടിയിട്ടുണ്ട്. സിം കാർഡുകൾ മറ്റാരോ ഉപയോഗിച്ച് പൊലീസിനെ കബളിപ്പിക്കാൻ ശ്രമം നടക്കുന്നു എന്ന് സംശയിക്കുന്ന സാഹചര്യത്തിലാണിത്.
അധ്യാപകൻ പരീക്ഷ എഴുതിക്കൊടുത്തു എന്ന് കണ്ടെത്തിയ മൂന്ന് വിദ്യാർത്ഥികളുടെ വീട്ടിലെത്തി പൊലീസ് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. രണ്ട് പ്ലസ് ടു വിദ്യാർത്ഥികളുടെ പരീക്ഷ പൂർണമായും ഒരാളുടെ നാല് ഉത്തരങ്ങളും എഴുതുകയും 32 പ്ലസ് വണ്‍ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് തിരുത്തുകയും ചെയ്തതായാണ് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയത്. ഫലം തടഞ്ഞു വച്ച മൂന്ന് പേരിൽ ഒരാളുടെ റിസൽറ്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. അധ്യാപകൻ എഴുതിയ നാല് ഉത്തരങ്ങൾ ഒഴിവാക്കിയാണ് മാർക്ക് കണക്കാക്കിയത്. ഈ വിദ്യാർത്ഥിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കിട്ടി.

Read more about:
RELATED POSTS
EDITORS PICK