150 സിസി താഴെയുള്ള ഇരുചക്രവാഹനങ്ങള്‍ നിരോധിക്കുന്നു !

Sruthi May 23, 2019

രാജ്യത്ത ഇരുചക്ര വാഹനങ്ങള്‍ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. 150 സിസിക്ക് താഴെയുള്ള എല്ലാ ബൈക്കുകളും സ്‌കൂട്ടറുകളും നിരോധിക്കാനാണ് നീക്കം. 2025 ഏപ്രില്‍ ഒന്നുമുതല്‍ നിരോധനം നടപ്പില്‍ വരുമെന്ന് പറയുന്നു.

150 സിസിയും അതിനു താഴെയുള്ള പെട്രോള്‍ എഞ്ചിനുകളുള്ള എല്ലാ ഇരുചക്ര വാഹനങ്ങളുടെയും വില്‍പ്പന നിരോധിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിരോധനത്തിലുള്ള കരട് ബില്‍ തയ്യാറായെന്നും സൂചനകളുണ്ട്. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നിരോധന നീക്കം. ഈ ഇരുചക്രവാഹനങ്ങള്‍ക്കൊപ്പം പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ 2023 ഏപ്രിലിന് മുമ്പ് നിരോധിക്കണമെന്ന നിര്‍ദ്ദേശമാണ് കരട് ബില്ലിലുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ വാഹനങ്ങള്‍ക്ക് പകരം ഇലക്ട്രിക്ക് സ്‌കൂട്ടറുകളും ബൈക്കുകളും ഓട്ടോറിക്ഷകളും നിരത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതുമൂലം പരിസ്ഥിതി മലിനീകരണം ഒരുപരിധിവരെ കുറയ്ക്കാമെന്നാണ് കരുതുന്നത്. മലിനീകരണ നിയന്ത്രണത്തിനുള്ള ബി എസ് 6 നിയമം നടപ്പിലാകുന്നതിനു പിന്നാലെയാണ് പുതിയ നീക്കവും.

നിരോധനം നടപ്പിലായാല്‍ രാജ്യത്തെ വാഹന ചരിത്രത്തില്‍ നിര്‍ണായകമായ നാഴികക്കല്ലാവും ഈ മാറ്റം. ഹീറോയും ഹോണ്ടയും ഉള്‍പ്പെടെയുള്ള ഈ മേഖലയിലെ പ്രമുഖ കമ്പനികള്‍ക്ക് വന്‍തിരിച്ചടിയാവും ഈ നിരോധനം.

Tags:
Read more about:
EDITORS PICK