ഇന്ത്യ ആഹ്ലാദിക്കുന്നു! ആദ്യമായി ഞങ്ങള്‍ ഭീകരാക്രമണ കേസില്‍ പ്രതിയെ ലോക്‌സഭയിലേക്ക് അയക്കുന്നുവെന്ന് നടി സ്വര ഭാസ്‌കര്‍

Sruthi May 24, 2019

ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിധ് ഠാക്കൂറിന്റെ വിജയത്തെ പരിഹസിച്ചും വിമര്‍ശിച്ചും പലരും രംഗത്തെത്തുന്നു. ഇപ്പോഴിതാ ബോളിവുഡ് താരം സ്വര ഭാസ്‌കറുമെത്തി. ആദ്യമായി ഞങ്ങള്‍ ഭീകരാക്രമണ കേസില്‍ ആരോപണ വിധേയയായ ഒരാളെ വിജയിപ്പിച്ച് ലോക്സഭയിലേക്ക് അയയ്ക്കുന്നുവെന്നാണ് സ്വര ഭാസ്‌കറിന്റെ പരിഹാസം.

ഇന്ത്യയുടെ പുതിയ തുടക്കത്തില്‍ ആഹ്ലാദിക്കുന്നുവെന്ന് പറയുന്നത് തന്നെ ആശ്ചര്യത്തോടെയാണ്. ആദ്യമായി ഞങ്ങള്‍ ഭീകരാക്രമണ കേസില്‍ പ്രതിയായ ഒരാളെ ലോക് സഭയിലേക്ക് അയയ്ക്കുന്നു. ഓഹോ, ഇനി നമ്മളെങ്ങനെ പാക്കിസ്ഥാനെ കുറ്റപ്പെടുത്തും?

മലേഗാവ് സ്ഫോടന കേസിലെ പ്രതിയാണ് പ്രഗ്യാ സിങ് ഠാക്കൂര്‍. ഭോപ്പാലില്‍ നിന്നും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ്വിജയ് സിങ്ങിനെയാണ് പ്രഗ്യാ പരാജയപ്പെടുത്തിയത്. സ്ഫോടനക്കേസില്‍ കുറ്റം ചുമത്തപ്പെട്ട പ്രഗ്യ സിങ് ദേശീയതയ ഉയര്‍ത്തിയാണ് ഹിന്ദി ഹൃദയഭൂമിയില്‍ വിജയിക്കുന്നത്. മലേഗാവ് സ്ഫോടനക്കേസില്‍ ജാമ്യത്തിലാണ് ഇപ്പോള്‍ പ്രഗ്യാ സിങ് ഉളളത്.

ഈ ആഴ്ചയില്‍ കേസിലെ പ്രതികളെ ഹാജരാക്കണമെന്ന് എന്‍ഐഎക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ഇവരുടെ അഭിഭാഷകര്‍ ഹാജരാകുന്നതില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞാഴ്ച്ച കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇവരുടെ അപേക്ഷ സ്വീകരിച്ച് കോടതി ഇളവ് നല്‍കുകയായിരുന്നു.

Read more about:
EDITORS PICK