ബോളിവുഡില്‍ സൗന്ദര്യറാണി; തെരഞ്ഞെടുപ്പില്‍ നാണംകെട്ട തോല്‍വി; ഊര്‍മിളയ്ക്കും കോണ്‍ഗ്രസിനും നല്ല പാഠം

Sebastain May 24, 2019

മുംബൈ: ഒരുകാലത്ത് ബോളിവുഡിന്റെ സ്വപ്‌നറാണിയായിരുന്നു നടി ഈര്‍മിള മണ്ഡോത്കര്‍. എന്നാല്‍ ഈ താരത്തിളക്കം വോട്ടാക്കി മാറ്റാമെന്ന കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍ തെറ്റി. മുംബൈ നോര്‍ത്തിലെ മണ്ഡലത്തില്‍ മൂന്ന് ലക്ഷത്തില്‍പ്പരം വോട്ടിനാണ് താരറാണിയുടെ നാണംകെട്ട തോല്‍വി. പ്രചരണങ്ങളില്‍ ബഹുദൂരം മുന്നിലായിരുന്നെങ്കിലും ഫലം പുറത്തുവന്നപ്പോള്‍ എതിരാളിയായ ബിജെപിയുടെ ഗോപാല്‍ ഷെട്ടിക്ക് ലഭിച്ചത് അഞ്ച് ലക്ഷത്തിന് മുകളില്‍ വോട്ട്. ഊര്‍മിളയ്ക്ക് ലഭിച്ചത് വെറും 1,76000 വോട്ട്. താരാരാധന വോട്ടാക്കി മാറ്റാനുള്ള കോണ്‍ഗ്രസ് തന്ത്രങ്ങള്‍ക്കുള്ള മറുപടിയായിരുന്നു ഊര്‍മിളയുടെ പരാജയം.

തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് മാത്രമായിരുന്നു ഊര്‍മ്മിള അപ്രതീക്ഷിതമായി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പിന്നീട് ഊര്‍മിളയെ മുംബൈ നോര്‍ത്തിലെ സ്ഥാനാര്‍ത്ഥിയായി ഊര്‍മിളയെ നിയോഗിച്ചപ്പോള്‍ ജയമല്ലാതെ മറ്റൊന്നിനും കോണ്‍ഗ്രസ് തയ്യാറല്ലായിരുന്നു. താന്‍ സിനിമാ നടിയല്ല സാധാരണക്കാരിയാണെന്ന് അടിവരയിട്ടുകൊണ്ടായിരുന്നു ജനങ്ങള്‍ക്കിടയിലേക്ക് ഊര്‍മിള ഇറങ്ങിച്ചെന്നത്. എന്നാല്‍ ബോളിവുഡ് സുന്ദരിയുടെ ലാളിത്യം വോട്ടായി മാറിയില്ല.

ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ഉരുക്കു കോട്ടയായിരുന്നു മുംബൈ നോര്‍ത്ത്. 1957-ലും 1962 ലും മലയാളിയായ വികെ കൃഷ്ണമേനോന്‍ വിജയിച്ച മണ്ഡലം 2014-ലെ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് ഗോപാല്‍ ഷെട്ടി നാലര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പിടിച്ചെടുത്തത്. കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവ് സഞ്ജയ് നിരുപമിനെയാണ് അന്ന് അദ്ദേഹം പരാജയപ്പെടുത്തിയത്. ഈ മണ്ഡലം പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ബോളിവുഡിന്റെ താരപ്രതിഭ പരീക്ഷിച്ചത്. എന്നാല്‍ ഈ സെലിബ്രിറ്റി ലേബല്‍ ബിജെപിയുടെ കുത്തൊഴുക്കില്‍ ഒലിച്ചുപോകുകയാണ് കണ്ടത്.

Read more about:
EDITORS PICK